---
title: "ഇച്ചാക്കക്ക്​ പിറന്നാള്‍ ഉമ്മയുമായി മോഹൻലാൽ"
english_title: "Mohanlal with Ichak's birthday gift"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3257/mohanlal-with-ichaks-birthday-gift"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61371e26176df_lal.jpg"
keywords: []
---

# ഇച്ചാക്കക്ക്​ പിറന്നാള്‍ ഉമ്മയുമായി മോഹൻലാൽ

> **Lead Summary:** മലയാളത്തിന്‍റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് സപ്തതി ആഘോഷിക്കുകയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രിയതാരത്തിന് ജന്മദിനാശംസകളുമായി താരങ്ങളും സിനിമാപ്രവർ‍ത്തകരും ആരാധകരും സിനിമാപ്രേമികളും എത്തുന്നുണ്ട്. ഇപ്പോഴിതാ തന്‍റെ ജ്യേഷ്ഠ സഹോദരനായ ഇച്ചാക്കക്ക് സ്നേഹത്തിന്‍റെ മധുരം ചാലിച്ച പിറന്നാൾ ഉമ്മയുമായി എത്തിയിരിക്കുകയാണ് നടന്‍.

## Article Content

മലയാളത്തിന്‍റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് സപ്തതി ആഘോഷിക്കുകയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രിയതാരത്തിന് ജന്മദിനാശംസകളുമായി താരങ്ങളും സിനിമാപ്രവർ‍ത്തകരും ആരാധകരും സിനിമാപ്രേമികളും എത്തുന്നുണ്ട്. ഇപ്പോഴിതാ തന്‍റെ ജ്യേഷ്ഠ സഹോദരനായ ഇച്ചാക്കക്ക് സ്നേഹത്തിന്‍റെ മധുരം ചാലിച്ച പിറന്നാൾ ഉമ്മയുമായി എത്തിയിരിക്കുകയാണ് നടന്‍.

സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് മോഹൻലാൽ മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. 'പ്രിയപ്പെട്ട ഇച്ചാക്കാ... ജന്മദിനാശംസകൾ, ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇത് എന്‍റെയും കൂടി ജ്യേഷ്‌ഠസഹോദരന്‍റെ പിറന്നാളാണ്. സഹോദര നിർവിശേഷമായ വാത്സല്യം കൊണ്ട്, ജ്യേഷ്‌ഠ തുല്യമായ കരുതൽ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും എല്ലാ ഉയർച്ച താഴ്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് എനിക്ക് മമ്മൂക്ക.

അദ്ദേഹത്തിന്‍റെ ജന്മനാൾ ഞാനും എന്‍റെ കുടുംബവും ഒപ്പം ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭയ്‌ക്കൊപ്പം ജീവിക്കാനാവുന്നുവെന്നത് തന്നെ സുകൃതം. അഭിനയത്തിൽ തന്‍റേതായ ശൈലി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കക്കൊപ്പം എന്‍റെയും പേര് വായിക്കപ്പെടുന്നു എന്നതേറെ സന്തോഷം നൽകുന്നതാണ്.

നാല് പതിറ്റാണ്ടിനിടെ ഞങ്ങൾ ഒന്നിച്ചത് 53 സിനിമകളിൽ. ഒന്നിച്ചു നിർമിച്ചത് അഞ്ചു സിനിമകൾ. ഇതൊക്കെ വിസ്മയമെന്നേ കരുതാനാവൂ. ലോകത്തൊരു ഭാഷയിലും ഇത്തരമൊരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെയ്തവയെക്കാൾ മനോഹരം എന്നാണ് ഞാൻ കരുതുന്നത്. ഇച്ചാക്കയിൽ നിന്നും ഇനിയും മലയാള സിനിമക്കും ഇന്ത്യൻ സിനിമക്ക് തന്നെയും കൂടുതൽ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ബഹുമതികളുടെ ആകാശങ്ങളിൽ ഇനിയുമേറെ ഇടം കിട്ടട്ടെ എന്നും ഇനിയും ഞങ്ങൾക്കൊന്നിക്കാനാവുന്ന മികച്ച സിനിമകൾ ഉണ്ടാവട്ടെ എന്നും പ്രാർഥിക്കുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി എന്‍റെ ഈ ജ്യേഷ്‌ഠസഹോദരനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിച്ചു കൊണ്ട് സ്നേഹത്തിന്‍റെ മധുരം ചാലിച്ച് ഇച്ചാക്കക്ക് എന്‍റെ പിറന്നാൾ ഉമ്മ', മോഹൻലാൽ വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3257/mohanlal-with-ichaks-birthday-gift)