---
title: "വിനീതിന്‍റെ  സിനിമയില്‍ ടൊവിനോ -  തിരക്കഥയൊരുക്കുന്നത് 'തന്മാത്രയിലെ മകൻ'!"
english_title: "Tovino in Vineeth's film - Screenplay by 'Son of a Mole'!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3245/tovino-in-vineeths-film-screenplay-by-son-of-a-mole"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6135cbd16e360_vineeth.jpg"
keywords: []
---

# വിനീതിന്‍റെ  സിനിമയില്‍ ടൊവിനോ -  തിരക്കഥയൊരുക്കുന്നത് 'തന്മാത്രയിലെ മകൻ'!

> **Lead Summary:** ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന സിനിമക്ക് ശേഷം നടനും സംവിധായകനുമായ വിനീത് കുമാര്‍ പുതിയൊരു ചിത്രവുമായി എത്തുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ നായകനാകുന്നത് ടൊവിനോ തോമസാണ്. ദർശന രാജേന്ദ്രനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആഷിക് ഉസ്മാനും സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

## Article Content

ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന സിനിമക്ക് ശേഷം നടനും സംവിധായകനുമായ വിനീത് കുമാര്‍ പുതിയൊരു ചിത്രവുമായി എത്തുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ നായകനാകുന്നത് ടൊവിനോ തോമസാണ്. ദർശന രാജേന്ദ്രനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആഷിക് ഉസ്മാനും സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകനായി എത്തിയ അര്‍ജുന്‍ ലാല്‍ തിരക്കഥാരംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അർജ്ജുൻ ലാലിനൊപ്പം ഷറഫ് സുഹാസും തിരക്കഥയൊരുക്കാനൊപ്പമുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സും ഹാപ്പി അവേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ഒരു ഇടവേളക്ക് ശേഷം കൈകോര്‍ക്കുകയാണ്. നിര്‍മ്മാതാവ് ആഷിക് ഉസ്മാനാണ് സിനിമ തുടങ്ങുന്ന കാര്യം അറിയിച്ചിരിക്കുന്നത്.

ബേസില്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബംഗളൂരൂവിലാണ് ചിത്രത്തിൻ്റെ പ്രധാന സീനുകളെല്ലാം ഷൂട്ട് ചെയ്യുന്നത്. ഗുജറാത്തിൻ്റ പശ്ചാത്തലത്തിലായിരുന്നു വിനീത് കുമാർ ആദ്യം സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന ചിത്രമെത്തിയത്. ചിത്രത്തിൽ ഫഹദായിരുന്നു നായകൻ. മൃദുല മുരളി, ദിവ്യ പിള്ള, അക്ഷത് സിംഗ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഫഹദ് ഫാസില്‍ ഡബിള്‍ റോളിലെത്തിയ ചിത്രം തീയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/3245/tovino-in-vineeths-film-screenplay-by-son-of-a-mole)