തിരുവനന്തപുരം: ( www.truevisionnews.com ) കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡിൽ ലുലുമാളിന് സമീപമുള്ള വെൺപാലവട്ടം മേൽപാലത്തിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതി മേൽപാലത്തിന്‍റെ കൈവരിയുടെ പൊക്കക്കുറവ് കാരണം സർവീസ് റോഡിലേക്ക് വീണ് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കൈവരിയുടെ പൊക്കംകൂട്ടണം എന്നതുൾപ്പെടെയുള്ള റോഡ് സുരക്ഷാ കമ്മീഷണറുടെ ശുപാർശകൾ നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
2024 ജൂലൈ ഒന്നിനായിരുന്നു സംഭവം. മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ചാണ് കോവളം വെള്ളാർ സ്വദേശി സിമി (35) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾക്കും സഹോദരിക്കും പരിക്കേറ്റു.ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി കൈവരിയിൽ തട്ടുകയും 20 അടിയോളം താഴെയുള്ള സർവീസ് റോഡിലേക്കു മൂവരും വീഴുകയുമായിരുന്നു. സർവീസ് റോഡിനോടു ചേർന്നുള്ള ഓടയിൽ തലയിടിച്ചാണു സിമിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്.
സിമിയുടെ ശരീരത്തിലേക്കാണ് മകൾ പതിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിമി അൽപസമയത്തിനു ശേഷം മരിച്ചു. അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് അന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി ദേശീയപാതാ അതോറിറ്റി അധികൃതരുടെ ഒരു യോഗം ജില്ലാ കലക്ടർ വിളിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വെൺപാലവട്ടം മേൽപ്പാലത്തിൽ സംഭവിച്ച അപകടം സുരക്ഷാപ്രോട്ടോക്കോൾ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത അടിവരയിടുന്നതായി റോഡ് സുരക്ഷാ കമ്മീഷണർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൈവരിയുടെ പൊക്കക്കുറവു കാരണമാണ് അപകടമുണ്ടായതെന്ന് പരാതിക്കാരനായ പൊതുപ്രവർത്തകൻ സബീർ തൊളിക്കുഴി പറഞ്ഞു. പരാതി പരിഗണിക്കവേയായിരുന്നു കമ്മീഷൻ നിർദേശം.
Kazhakoottam-Karod bypass, death of a young woman, recommendation to increase the height of the handrail

































