കോഴിക്കോട് : ( www.truevisionnews.com) പ്രായപൂര്‍ത്തിയാവാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ . കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസിൽ സഞ്ജയ്‌യെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി.
കോഴിക്കോട് വെള്ളിമാട്കുന്ന് നിർഭയ എൻട്രി ഹോമിൽ താമസിക്കുന്ന 17 വയസ് മാത്രം പ്രായമുള്ള വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി കോഴിക്കോട് അപ്സര തിയേറ്ററിന് സമീപത്തുള്ള ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിർഭയ എൻട്രി ഹോമി ൽ നിന്ന് സ്കൂളിലേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ കാണാതായത്. അന്ന് രാത്രി തന്നെ ചേവായൂർ പൊലീസ് ബീച്ചിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് ചേവായൂർ പൊലീസ് പെൺകുട്ടിയെ CWC മുമ്പാകെ ഹാജരാക്കി മൊഴിയെടുത്തതിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പറയുകയുമായിരുന്നു.
തുടർന്ന് ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടി പീഡനത്തിന് ഇരയായത് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് ടൗൺ പൊലീസിന് കൈമാറുകയായിരുന്നു.
ടൗൺ പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെപ്പറ്റി മനസ്സിലാക്കുകയും കോഴിക്കോട് വെച്ച് ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ അജേഷ്, വിജീഷ്, സി.പി.ഒമാരായ അബ്ദുൾ ജലീൽ, പ്രസാദ് എന്നിവരടങ്ങുന്ന അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.
എസ്എം സ്ട്രീറ്റിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിന് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Accused sexually assaulting student Kozhikode arrested


































