തിരുവനന്തപുരം: ( www.truevisionnews.com) കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി ചൈന. അതിദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ ചരിത്രപരമായ നേട്ടത്തെ അഭിനന്ദിക്കുന്നുവെന്നും ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെഹോങ് എക്‌സിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പമുള്ള സംസ്ഥാന സർക്കാരിന്റെ പോസ്റ്റർ പങ്കുവെച്ചാണ് അഭിനന്ദന കുറിപ്പ്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുന്നുവെന്നാണ് പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പറഞ്ഞത്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനുമുന്നിൽ നാം ഇന്ന് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണ്.
ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നമ്മുടെ സങ്കൽപത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിലെ വിശിഷ്ടാതിഥിയായ മമ്മൂട്ടിക്ക് അതിദാരിദ്ര്യ നിർമ്മാർജ്ജന റിപ്പോർട്ട് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
അതേസമയം അതിദാരിദ്ര്യമുക്ത കേരളമായുള്ള പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി. എട്ടുമാസങ്ങള്‍ക്കുശേഷമാണ് താൻ പൊതുവേദിയിലെത്തുന്നതെന്നും കേരളത്തിന് തന്നെക്കാള്‍ ചെറുപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. കേരളപ്പിറവി ദിനമായതിൽ സന്തോഷമുണ്ട്.
ഇനി ദാരിദ്ര്യത്തെ അതിജീവിക്കേണ്ടതുണ്ടെന്നും അതിനായി തോളോട് തോള്‍ ചേര്‍ന്ന് നമുക്ക് പ്രവര്‍ത്തിക്കാമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചപ്പോള്‍ അതിനേക്കാള്‍ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യം മാത്രമെ മുക്തമായിട്ടുള്ളു. ദാരിദ്ര്യം നമ്മുടെ മുന്നിലുണ്ട്.
അതിനേ അതിജീവിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് പ്രതിസന്ധികള്‍ കേരളം അതിജീവിച്ചിട്ടുണ്ട്. അത്തരത്തിൽ ദാരിദ്ര്യത്തെ അതിജീവിക്കാനും നമുക്കാകും. എട്ടുമാസമായി ഞാൻ നാട്ടിലുണ്ടായിരുന്നില്ല. ഒരു പൊതുവേദിയിലും പങ്കെടുത്തിരുന്നില്ല. ഞാൻ ഇപ്പോള്‍ വരുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങള്‍ കാണാനായി.
കേരളം പലകാര്യത്തിലും മാതൃകയാണ്. രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിക്കുന്നതുകൊണ്ട് മാത്രം നമ്മള്‍ വികസിക്കുന്നില്ല. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. അതിനായി ദാരിദ്ര്യം പരിപൂര്‍ണമായും തുടച്ചുനീക്കപ്പെടണം. അത്തരത്തിലുള്ള സ്ഥലങ്ങള്‍ അപൂര്‍വമായിട്ടേയുള്ളു. നമുക്ക് തോളോട് തോള്‍ ചേര്‍ന്ന് ദാരിദ്ര്യത്തെ നേരിടാം.
അങ്ങനെ ദാരിദ്ര്യത്തെ അതിജീവിക്കാം. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ല. ആ വിശക്കുന്ന വയറുകള്‍ കണ്ടു തന്നെയാണ് വികസനം യഥാര്‍ഥ്യമാക്കേണ്ടത്.
ഇന്നത്തെ ഈ പ്രഖ്യാപനം അതിനുള്ള മാതൃകയാകട്ടെയന്ന് ആഗ്രഹിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു. കേരളപ്പിറവി ദിനാശംസകളും ഇന്ന് ജനിച്ചവര്‍ക്ക് ജന്മദിനവും ആശംസയും നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.
China congratulated Kerala declared extreme poverty-free state.































