---
title: "'ഭീഷ്‍മ പര്‍വ്വം' മേക്കിംഗ് വീഡിയോ പുറത്ത് "
english_title: "'Bhishma Parvam' making video out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32189/bhishma-parvam-making-video-out"
published_at: "2022-03-16T22:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62321236bbeaf_bheeshmam.jpg"
keywords: []
---

# 'ഭീഷ്‍മ പര്‍വ്വം' മേക്കിംഗ് വീഡിയോ പുറത്ത് 

> **Lead Summary:** ഫ്രെയ്‍മുകളുടെ പ്രത്യേകതയാണ് അമല്‍ നീരദിനെ മലയാളത്തിലെ മറ്റു സംവിധായകരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ഒരു പ്രധാന ഘടകം. ആദ്യ സിനിമയായ ബിഗ് ബി മുതലേ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പുതുവഴികള്‍ സ്വീകരിക്കുന്ന സംവിധായകന്‍ കൂടിയാണ് അമല്‍.

## Article Content

ഫ്രെയ്‍മുകളുടെ പ്രത്യേകതയാണ് അമല്‍ നീരദിനെ മലയാളത്തിലെ മറ്റു സംവിധായകരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ഒരു പ്രധാന ഘടകം. ആദ്യ സിനിമയായ ബിഗ് ബി മുതലേ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പുതുവഴികള്‍ സ്വീകരിക്കുന്ന സംവിധായകന്‍ കൂടിയാണ് അമല്‍.

ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രം ഭീഷ്‍മ പര്‍വ്വത്തിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ ഒരു പ്രധാന ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിച്ച ശൈലി പരിചയപ്പെടുത്തുന്ന വീഡിയോ ആണിത്.

മലയാള സിനിമയില്‍ വളരെ കുറച്ച് മാത്രം ഉപയോഗിക്കാറുള്ള ബോള്‍ട്ട് ഹൈസ്‍പീഡ് സിനിബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മമ്മൂട്ടി  നായകത്വം വഹിച്ചിരിക്കുന്ന ഈ സീക്വന്‍സ് അമല്‍ നീരദ് ചിത്രീകരിച്ചിരിക്കുന്നത്. വേഗത്തിലുള്ള ക്യാമറ മൂവ്മെന്‍റുകളാണ് ഈ സാങ്കേതിക വിദ്യ സാധ്യമാക്കുന്നത്.

അതേസമയം സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് ഭീഷ്‍മ പര്‍വ്വം. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന്‍റെ റിലീസ് മാര്‍ച്ച് 3ന് ആയിരുന്നു. ആദ്യദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസിന്‍റെ ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി നേടിയ ചിത്രം ഏതാനും ദിവസം മുന്‍പ് 75 കോടിയും പിന്നിട്ടിരുന്നു. കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയ ഗ്രോസ് 40 കോടി കടന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32189/bhishma-parvam-making-video-out)