---
title: "'ന്നാ താന്‍ കേസ് കൊട്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് "
english_title: "'Nna Than Case Kot' First Look Poster Out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31674/nna-than-case-kot-first-look-poster-out"
published_at: "2022-03-14T15:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f0f34a1447_chakkochan.jpg"
keywords: []
---

# 'ന്നാ താന്‍ കേസ് കൊട്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് 

> **Lead Summary:** കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെയും ചിത്രത്തിന്‍റെയും വേറിട്ട സ്വഭാവത്തെക്കുറിച്ച് സൂചന തരുന്നതാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്.

## Article Content

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെയും ചിത്രത്തിന്‍റെയും വേറിട്ട സ്വഭാവത്തെക്കുറിച്ച് സൂചന തരുന്നതാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്.

ചേറില്‍ കുളിച്ച് നില്‍ക്കുന്ന ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്കില്‍ ചാക്കോച്ചന്‍റെ നായകന്‍. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഫെബ്രുവരി 26നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.

രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന.

സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31674/nna-than-case-kot-first-look-poster-out)