---
title: "പുതിയ സിനിമ ‘ഉസ്‌കൂളി’ന്റെ പോസ്റ്റര്‍ പങ്കുവെച്ച വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ക്ക് വിമര്‍ശനം"
english_title: "Criticism of vlogger and actor Srikanth Vettiar who shared the poster of his new movie 'Uskooli'."
publisher: "moviemax.in"
canonical_url: "https://moviemax.in/news/31637/criticism-of-vlogger-and-actor-srikanth-vettiar-who-shared-the-poster-of-his-new-movie-uskooli"
published_at: "2022-03-14T12:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ee8628b815_sreekanth.jpg"
keywords: []
---

# പുതിയ സിനിമ ‘ഉസ്‌കൂളി’ന്റെ പോസ്റ്റര്‍ പങ്കുവെച്ച വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ക്ക് വിമര്‍ശനം

> **Lead Summary:** തന്റെ പുതിയ സിനിമ ‘ഉസ്‌കൂളി’ന്റെ പോസ്റ്റര്‍ പങ്കുവച്ച വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ക്ക് വിമര്‍ശനം. മീടു ആരോപണത്തെ തുടര്‍ന്ന് നടന് ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. കേസില്‍ ശ്രീകാന്ത് വെട്ടിയാറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

## Article Content

തന്റെ പുതിയ സിനിമ ‘ഉസ്‌കൂളി’ന്റെ പോസ്റ്റര്‍ പങ്കുവച്ച വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ക്ക് വിമര്‍ശനം. മീടു ആരോപണത്തെ തുടര്‍ന്ന് നടന് ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. കേസില്‍ ശ്രീകാന്ത് വെട്ടിയാറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

ഉസ്‌കൂള്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററിന് താഴെ വന്ന ചില കമന്റുകള്‍ക്ക് നടന്‍ മറുപടിയും കൊടുക്കുന്നുണ്ട്. ”താങ്കളെ കുറിച്ച് ഉയര്‍ന്ന ആരോപണത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷന്‍” എന്നായിരുന്നു ഒരു കമന്റ്.

”കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുവിടത്തില്‍ ഒന്നും പറയാനില്ല” എന്നാണ് ശ്രീകാന്തിന്റെ മറുപടി. നടനെ അധിക്ഷേപിച്ചും വിമര്‍ശിച്ചും കൊണ്ടുള്ള കമന്റുകള്‍ക്കൊപ്പം പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്.

അതേസമയം, കവി ഉദ്ദേശിച്ചത് എന്ന ആസിഫ് അലി ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉസ്‌കൂള്‍. ഈ വര്‍ഷം റിലീസ് ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ ശ്രീകാന്ത് വെട്ടിയാര്‍ എത്തിയിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ആലുവയിലെ ഫ്‌ളാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം. സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31637/criticism-of-vlogger-and-actor-srikanth-vettiar-who-shared-the-poster-of-his-new-movie-uskooli)