---
title: "'വിക്രം' റിലീസ് തീയതി പ്രഖ്യാപിച്ച് കമല്‍ ഹാസന്‍"
english_title: "Kamal Haasan announces release date for 'Vikram'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31615/kamal-haasan-announces-release-date-for-vikram"
published_at: "2022-03-14T11:08:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ed5533c461_vikram.jpg"
keywords: []
---

# 'വിക്രം' റിലീസ് തീയതി പ്രഖ്യാപിച്ച് കമല്‍ ഹാസന്‍

> **Lead Summary:** തെന്നിന്ത്യന്‍ സിനിമകളിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഭാഷാഭേദമന്യെ പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച ചിത്രമാണ് കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം .

## Article Content

തെന്നിന്ത്യന്‍ സിനിമകളിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഭാഷാഭേദമന്യെ പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച ചിത്രമാണ് കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം .

വിജയ് നായകനായ മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വന്‍ ഹൈപ്പ് സൃഷ്ടിച്ചത് കമലിനൊപ്പമുള്ള മറ്റു താരനിര്‍ണ്ണയങ്ങള്‍ കൂടിയാണ്.

ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. മേക്കിംഗ് വീഡിയോയുടെ ഗ്ലിപ്സിനൊപ്പമാണ് സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണ്‍ 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം നരെയ്ന്‍, കാളിദാസ് ജയറാം എന്നിവരും ചിത്രത്തില്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രാഹകനായ സത്യന്‍ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകള്‍ വന്നതിനാല്‍ പിന്മാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31615/kamal-haasan-announces-release-date-for-vikram)