---
title: "'ഈ കാലും വച്ച് ഞാന്‍ ആരെ തല്ലാനാണ്'? പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ"
english_title: "'Who am I going to hit with this leg'? Shine Tom Chacko with response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31099/who-am-i-going-to-hit-with-this-leg-shine-tom-chacko-with-response"
published_at: "2022-03-11T16:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b2abe87767_shyam.jpg"
keywords: []
---

# 'ഈ കാലും വച്ച് ഞാന്‍ ആരെ തല്ലാനാണ്'? പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

> **Lead Summary:** തല്ലുമായ എന്ന സിനിമയുടെ ലൊക്കേഷനില്‍വച്ച് താന്‍ നാട്ടുകാരെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ . കാലിന് പരിക്കേറ്റിരിക്കുന്ന അവസ്ഥയില്‍ താന്‍ എങ്ങനെയാണ് ഒരാളെ മര്‍ദ്ദിക്കുകയെന്ന് ഷൈന്‍ ചോദിക്കുന്നു.

## Article Content

തല്ലുമായ എന്ന സിനിമയുടെ ലൊക്കേഷനില്‍വച്ച് താന്‍ നാട്ടുകാരെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ . കാലിന് പരിക്കേറ്റിരിക്കുന്ന അവസ്ഥയില്‍ താന്‍ എങ്ങനെയാണ് ഒരാളെ മര്‍ദ്ദിക്കുകയെന്ന് ഷൈന്‍ ചോദിക്കുന്നു.

ഇന്ന് തിയറ്ററുകളിലെത്തിയ പുതിയ ചിത്രം പടയുടെ കൊച്ചിയില്‍ നടന്ന പ്രിവ്യൂവിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷൈന്‍.

ആളെ ഞാന്‍ തല്ലിയതല്ല എന്ന് മനസിലായോ. അതില്‍ വല്ല ഉറപ്പുമുണ്ടോ? മിനിമം ഞാന്‍ കൊല്ലുകേ ഉള്ളൂ. ഇനി കൊല്ലുമെന്ന് പറയരുത് കേട്ടോ. ഈ കാലും വച്ച് ഞാന്‍ ഒരാളെ തല്ലി എന്നൊക്കെ പറഞ്ഞാല്‍ മിനിമം ബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ, ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഏതാനും ദിവസം മുന്‍പാണ് തല്ലുമാല എന്ന സിനിമയുടെ ഷൂട്ടിം​ഗ് ലൊക്കേഷനില്‍ സംഘര്‍ഷമുണ്ടായതായി വാര്‍ത്ത വന്നത്.

ടൊവീനോ തോമസ് നായകനാവുന്ന ചിത്രമാണിത്. എച്ച് എം ടി കോളനിയിലാണ് സിനിമയ്‍ക്കായി സെറ്റ് ഇട്ടിരുന്നത്. ഇവിടെ സിനിമാക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

രാത്രി നാട്ടുകാരും സിനിമാക്കാരും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമയുടെ പ്രവര്‍ത്തകരുടെ വാദം.

ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/31099/who-am-i-going-to-hit-with-this-leg-shine-tom-chacko-with-response)