---
title: "39 വര്‍ഷത്തിനിപ്പുറം 'യവനിക'യ്ക്ക് ഒരു ന്യൂഏജ് പോസ്റ്റര്‍; അഭിനന്ദനമറിയിച്ച് മുരളി ഗോപി"
english_title: "A New Age poster for 'Yavanika' over 39 years; Congratulations to Murali Gopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3068/a-new-age-poster-for-yavanika-over-39-years-congratulations-to-murali-gopi"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610b940793a71_Untitled-3.jpg"
keywords: []
---

# 39 വര്‍ഷത്തിനിപ്പുറം 'യവനിക'യ്ക്ക് ഒരു ന്യൂഏജ് പോസ്റ്റര്‍; അഭിനന്ദനമറിയിച്ച് മുരളി ഗോപി

> **Lead Summary:** കാലം ചെല്ലുന്തോറും മാറ്റ് കൂടിവരുന്ന സിനിമകളുടെ കൂട്ടത്തില്‍ പെട്ടതാണ് കെ ജി ജോര്‍ജിന്‍റെ സംവിധാനത്തില്‍ 1982ല്‍ പുറത്തിറങ്ങിയ 'യവനിക'.

## Article Content

കാലം ചെല്ലുന്തോറും മാറ്റ് കൂടിവരുന്ന സിനിമകളുടെ കൂട്ടത്തില്‍ പെട്ടതാണ് കെ ജി ജോര്‍ജിന്‍റെ സംവിധാനത്തില്‍ 1982ല്‍ പുറത്തിറങ്ങിയ 'യവനിക'.

ഒരു പ്രൊഫഷണല്‍ നാടകട്രൂപ്പിന്‍റെ പശ്ചാത്തലത്തില്‍ ഒരു കൊലപാതകവും അതിന്‍റെ അന്വേഷണവുമായി പുരോഗമിക്കുന്ന ചിത്രം എക്കാലത്തെയും ചലച്ചിത്രവിദ്യാര്‍ഥികളുടെ പാഠപുസ്‍തകവുമാണ്.

1982 ഏപ്രില്‍ 30നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ 39 വര്‍ഷത്തിനിപ്പുറം ചിത്രത്തിന്‍റെ ഒരു പുതുകാല പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുകയാണ് ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റും പോസ്റ്റര്‍ ഡിസൈനറുമായ ശംഭു വിജയകുമാര്‍.

യവനികയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം കടന്നുവരുന്ന കഥാപാത്രങ്ങളിലൊന്നായ തബലിസ്റ്റ് അയ്യപ്പന്‍ (ഭരത് ഗോപി) തന്നെയാണ് പോസ്റ്ററില്‍.

ടൈറ്റില്‍ ഫോണ്ട് ഒറിജിനലില്‍ നിന്ന് കടംകൊണ്ടുതന്നെയാണ് ഡിസൈന്‍. കുറേനാളിനു ശേഷം ചിത്രം കണ്ടതിന്‍റെ ആവേശത്തിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്‍തതെന്ന് ശംഭു വിജയകുമാര്‍ മൂവി ഗ്രൂപ്പുകളില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഭരത് ഗോപിയുടെ മകനും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

യവനികയുടെ ഇത്തരത്തിലൊരു ഗംഭീര പോസ്റ്റര്‍ കാണാനായതില്‍ സന്തോഷമുണ്ടെന്ന് കുറിച്ച മുരളി ഡിസൈനര്‍ക്ക് ആശംസകളും നേരുന്നു.

ഭരത് ഗോപിക്കു പുറമെ നെടുമുടി വേണു, തിലകന്‍, മമ്മൂട്ടി, ജലജ, വേണു നാഗവള്ളി, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, അശോകന്‍ തുടങ്ങി താരസമ്പന്നവുമായിരുന്നു യവനിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/3068/a-new-age-poster-for-yavanika-over-39-years-congratulations-to-murali-gopi)