---
title: "'ചില പുതിയ സൗഹൃദങ്ങൾ' അണ്ണാൻകുഞ്ഞിനെ താലോലിച്ച് ജഗതി; വീഡിയോ വൈറല്‍ "
english_title: "'Some new friendships' Jagathy slaps squirrel; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3037/some-new-friendships-jagathy-slaps-squirrel-video-goes-viral"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6109169e33247_jagathi.jpg"
keywords: []
---

# 'ചില പുതിയ സൗഹൃദങ്ങൾ' അണ്ണാൻകുഞ്ഞിനെ താലോലിച്ച് ജഗതി; വീഡിയോ വൈറല്‍ 

> **Lead Summary:** നടൻ ജഗതി ശ്രീകുമാറിന്റെ ഔദ്യോഗിക ഫാൻ പേജിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വീട്ടിലിരുന്ന് അണ്ണാൻ കുഞ്ഞിനെ താലോലിക്കുന്ന ജഗതിയെ വീഡിയോയിൽ കാണാം. മടിയിലെ തലയണയിൽ ഓടിക്കളിക്കുന്ന അണ്ണാനെ സൂക്ഷ്മമായി നോക്കുകയാണ് അദ്ദേഹം.

## Article Content

നടൻ ജഗതി ശ്രീകുമാറിന്റെ ഔദ്യോഗിക ഫാൻ പേജിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വീട്ടിലിരുന്ന് അണ്ണാൻ കുഞ്ഞിനെ താലോലിക്കുന്ന ജഗതിയെ വീഡിയോയിൽ കാണാം. മടിയിലെ തലയണയിൽ ഓടിക്കളിക്കുന്ന അണ്ണാനെ സൂക്ഷ്മമായി നോക്കുകയാണ് അദ്ദേഹം.

അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് എട്ട് വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ജഗതി ശ്രീകുമാർ ഈ വർഷം സപ്തതി ആഘോഷിച്ചിരുന്നു. കഴിഞ്ഞ വർഷം രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഈ വർഷം സിനിമയിലേക്കും മടങ്ങിയെത്തും.

[https://m.facebook.com/story.php?story_fbid=288098893113412&id=100057399102156](https://m.facebook.com/story.php?story_fbid=288098893113412&id=100057399102156)

വീൽചെയറിൽ കഴിയുന്ന ജഗതിയുടെ ആരോഗ്യ സ്ഥിതിക്ക് അനുയോജ്യമായ രീതിയിലുള്ള കഥാപാത്രങ്ങളുമായി ഏതാനും സിനിമകളുടെ അണിയറക്കാർ സമീപിച്ചിട്ടുണ്ട്. സിബിഐ ഡയറിക്കുറിപ്പ് പരമ്പരയിലെ അഞ്ചാം ഭാഗവും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ഏതിലാവും ആദ്യം അഭിനയിക്കുക എന്ന കാര്യം തീരുമാനിച്ചിട്ടില്ല.

എങ്കിലും വെള്ളിത്തിരയിലെ മടങ്ങിവരവ് ഈ വർഷം തന്നെയുണ്ടാവുമെന്നാണ് ഉറ്റവർ നൽകുന്ന ഉറപ്പ്. ഫിസിയോ തെറപ്പി ചികിത്സ തുടരുന്നുണ്ട്. സിനിമ ലോകത്ത് ഇടവേളകളില്ലാതെ ചിരിപ്പൂരമായി നിറഞ്ഞു നിന്ന ജഗതിക്ക് 2012ൽ ഷൂട്ടിങ് ലൊക്കേഷനിലുള്ള യാത്രയ്ക്കിടെ കോഴിക്കോടിനു സമീപമാണ് കാറപടകടം സംഭവിക്കുന്നത്.

ശരീരം തളർന്ന് ദീർഘകാലം ആശുപത്രിയിലായിരുന്നു. വീട്ടിലും തുടരുന്ന ചികിത്സയുടെ ഫലമായി ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നു. 1975ൽ ചട്ടമ്പി കല്യാണിയിലൂടെ സിനിമയിലെത്തിയ ജഗതി ആയിരത്തി നാനൂറിലേറെ സിനിമകളിൽ വൈവിധ്യമാർന്ന വേഷങ്ങളുമായി പകരക്കാരനില്ലാത്ത സാമ്രാജ്യമാണ് സൃഷ്ടിച്ചത്. രണ്ടു സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3037/some-new-friendships-jagathy-slaps-squirrel-video-goes-viral)