---
title: "'വലിമൈ'; അജിത്ത് ചിത്രം 200 കോടി ക്ലബ്ബിലേക്ക്"
english_title: "'valimai'; Ajith movie to 200 crore club"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29984/valimai-ajith-movie-to-200-crore-club"
published_at: "2022-03-05T21:52:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62238e98a5c23_aith.jpg"
keywords: []
---

# 'വലിമൈ'; അജിത്ത് ചിത്രം 200 കോടി ക്ലബ്ബിലേക്ക്

> **Lead Summary:** പ്രഖ്യാപന സമയം മുതൽ കോളിവുഡ് പ്രതീക്ഷ പുലർത്തിയിരുന്ന ചിത്രമാണ് വലിമൈ. അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ കുറേക്കാലം പെട്ടിയിലിരുന്നതിനു ശേഷമാണ് പുറത്തെത്തിയത്.

## Article Content

പ്രഖ്യാപന സമയം മുതൽ കോളിവുഡ് പ്രതീക്ഷ പുലർത്തിയിരുന്ന ചിത്രമാണ് വലിമൈ. അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ കുറേക്കാലം പെട്ടിയിലിരുന്നതിനു ശേഷമാണ് പുറത്തെത്തിയത്.

സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകരിൽ നിന്ന് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്. അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ആയ ഭീംല നായക്, സഞ്ജയ് ലീല ബൻസാലിയുടെ അലിയ ഭട്ട് ചിത്രം ഗംഗുഭായ് കത്തിയവാഡി, ഹോളിവുഡ് ചിത്രം ദ് ബാറ്റ്മാൻ എന്നിവ ഉയർത്തുന്ന വെല്ലുവിളികളെ മറികടന്നാണ് വലിമൈ മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനകം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന അജിത്ത് കുമാർ ചിത്രം എന്ന നിലയിൽ വലിയ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് വലിമൈ.

ആദ്യദിനം തമിഴ്നാട്ടില് നിന്നു മാത്രം ലഭിച്ചത് 34.12 കോടി ആയിരുന്നു. ചെന്നൈ ന​ഗരത്തില് നിന്ന് മാത്രം 1.82 കോടിയും! അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തിയ ചിത്രം തമിഴിനു പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു.

കേരളമുള്‍പ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആ​ഗോള ബോക്സ് ഓഫീസിലെ കളക്ഷനാണ് ഇത്. അജിത്തിന്‍റെ കരിയറിലെ ഏറ്റവും വേ​ഗത്തിലുള്ള 100 കോടി നേട്ടവുമാണ് ഇത്.

പ്രീ-റിലീസ് ബിസിനസ് കൊണ്ടുതന്നെ ടേബിള്‍ പ്രോഫിറ്റ് ഉണ്ടാക്കിയ ചിത്രവുമാണിത്. തമിഴ്നാട്ടിലെ വിതരണാവകാശം കൊണ്ടുമാത്രം ചിത്രം 62 കോടി നേടിയിരുന്നു.

കേരളത്തില്‍ നിന്ന് 3.5 കോടിയും കര്‍ണ്ണാടകയില്‍ നിന്ന് 5.5 കോടിയുമാണ് ഈയിനത്തില്‍ ലഭിച്ചത്. ഹിന്ദി പതിപ്പിന് 2 കോടിയും വിദേശ മാര്‍ക്കറ്റുകളിലെ വിതരണാവകാശത്തിന് മറ്റൊരു 16 കോടിയും ലഭിച്ചിരുന്നു. റീലീസിന് മുന്‍പ് ലഭിച്ച ടേബിള്‍ പ്രോഫിറ്റ് 11 കോടിയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/29984/valimai-ajith-movie-to-200-crore-club)