---
title: "'കടല്‍മുഴക്കമുള്ള ആ ശബ്ദം കാതുകളിലേക്ക്'; മമ്മൂട്ടിയെ വിളിക്കാം....; ലഹരിക്കെതിരെ സര്‍ക്കാറുമായി കൈകോര്‍ത്ത് ​'ടോക് ടു മമ്മൂക്ക'"
english_title: "'Talk to Mammootty' joins hands with government against drug addiction"
publisher: "moviemax.in"
canonical_url: "https://moviemax.in/news/298437/talk-to-mammootty-joins-hands-with-government-against-drug-addiction"
published_at: "2025-06-25T16:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bdde86b869_mammootty.jpg"
keywords: []
---

# 'കടല്‍മുഴക്കമുള്ള ആ ശബ്ദം കാതുകളിലേക്ക്'; മമ്മൂട്ടിയെ വിളിക്കാം....; ലഹരിക്കെതിരെ സര്‍ക്കാറുമായി കൈകോര്‍ത്ത് ​'ടോക് ടു മമ്മൂക്ക'

> **Lead Summary:** > ** **'ഹലോ..മമ്മൂട്ടിയാണ്.." കടല്‍മുഴക്കമുള്ള ആ ശബ്ദം കാതുകളിലേക്കെത്തുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ നമ്മള്‍ അത് വീണ്ടും വീണ്ടും കേള്‍ക്കും. കേരളത്തെ ലഹരിയെന്ന വിഷത്തില്‍ മുക്കിക്കൊല്ലുന്നത്തിനെതിരെ ജനകീയപോരാട്ടത്തിന് കളമൊരുക്കിക്കൊണ്ട് 'ടോക് ടു മമ്മൂക്ക' എന്ന പുതിയ സംരംഭത്തിന് തുടക്കമിടുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ. ലഹരിക്കെതിരെ ഒറ്റ ഫോണ്‍ കോളിനപ്പുറത്ത് ഇനി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സേവനപ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലും ഉണ്ടാകും.

## Article Content

> ** **'ഹലോ..മമ്മൂട്ടിയാണ്.." കടല്‍മുഴക്കമുള്ള ആ ശബ്ദം കാതുകളിലേക്കെത്തുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ നമ്മള്‍ അത് വീണ്ടും വീണ്ടും കേള്‍ക്കും. കേരളത്തെ ലഹരിയെന്ന വിഷത്തില്‍ മുക്കിക്കൊല്ലുന്നത്തിനെതിരെ ജനകീയപോരാട്ടത്തിന് കളമൊരുക്കിക്കൊണ്ട് 'ടോക് ടു മമ്മൂക്ക' എന്ന പുതിയ സംരംഭത്തിന് തുടക്കമിടുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ. ലഹരിക്കെതിരെ ഒറ്റ ഫോണ്‍ കോളിനപ്പുറത്ത് ഇനി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സേവനപ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലും ഉണ്ടാകും.

സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കുന്ന ദൗത്യമാണിത്. ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണ് ടോക് ടു മമ്മൂക്ക. മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് ഇതിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇതിന്റെ റെക്കോഡിങ് കഴിഞ്ഞ ദിവസമായിരുന്നു. 6238877369 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്. മമ്മൂട്ടിയുടെ ശബ്ദ സന്ദേശത്തിനു ശേഷം ലഹരി മരുന്ന് വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ നിങ്ങൾക്ക് കൈമാറാനുള്ള വിവരങ്ങൾ പറയാം. അത് കൃത്യമായി രേഖപ്പെടുത്തി അടിയന്തര നടപടികൾക്കായി അധികാരികൾക്ക് കൈമാറും.

സംസ്ഥാന കുടുംബശ്രീ മിഷന്റെകൂടി സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫോണിൽ ലഭിക്കുന്ന വിവരങ്ങള്‍ കെയര്‍ ആന്റ് ഷെയര്‍ എക്‌സൈസ് വകുപ്പിന് കൈമാറും. വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കും. ലഹരിയുടെ പിടിയിലാവയര്‍ക്ക് കൗണ്‍സലിങ് ആവശ്യമെങ്കില്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് അതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. തുടക്കത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ മുഴുവൻ സമയ സേവനവും സൗജന്യമായി പദ്ധതിയിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/298437/talk-to-mammootty-joins-hands-with-government-against-drug-addiction)