( moviemax.in ) നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അഭിനന്ദിച്ച് സിനിമാതാരവും കോൺഗ്രസ് പ്രവർത്തകനുമായ രമേഷ് പിഷാരടി രംഗത്ത്. ‘ദ റിയൽ ക്യാപ്റ്റൻ, കൺഗ്രാറ്റ്സ്’ എന്ന കുറിപ്പോടെ വി.ഡി. സതീശന്‍റെ ചിത്രം പങ്കുവെച്ചാണ് പിഷാരടി ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിച്ചും പിഷാരടി പോസ്റ്റ് പങ്കുവെച്ചിരുന്നു.
നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഷൗക്കത്ത് 77,737 വോട്ടും എൽ.ഡി.എഫിന്‍റെ എം. സ്വരാജ് 66,660 വോട്ടുകളും നേടി. രണ്ട് തവണ കൈവിട്ട സീറ്റാണ് ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയും ലീഡ് നേടാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് കഴിഞ്ഞു. പ്രതീക്ഷ പുലർത്തിയ നിലമ്പൂർ നഗരസഭയിലും കരുളായി, അമരമ്പലം പഞ്ചായത്തുകളിലും എൽ.ഡി.എഫ് തിരിച്ചടി നേരിട്ടു. ഇവിടെയും ഷൗക്കത്ത് മുന്നേറ്റം നടത്തി.
യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 19,760 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8,648 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 2,075 വോട്ടും പിടിച്ചു. വോട്ട് നില സംബന്ധിച്ച അന്തിമ കണക്ക് പുറത്തുവരാനുണ്ട്. മണ്ഡലത്തിലെ ആകെയുള്ള 2,32,057 വോട്ടർമാരിൽ 1,76,069 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.
rameshpisharody calls vdsatheesan real captain nilambur bypoll victory udf