---
title: "അദ്ദേഹത്തിന് അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; മമ്മൂട്ടി"
english_title: "Malayalam megastar Mammootty has now spoken about Jagathy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/29510/malayalam-megastar-mammootty-has-now-spoken-about-jagathy"
published_at: "2022-03-03T13:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622074d66862f_JAGATHI.jpg"
keywords: []
---

# അദ്ദേഹത്തിന് അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; മമ്മൂട്ടി

> **Lead Summary:** മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടായി അറിയപ്പെടുന്ന നടന്‍ ജഗതി ശ്രീകുമാര്‍ തിരിച്ച് വരികയാണ്. മുന്‍പ് പലപ്പോഴായി പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും കഥാപാത്രത്തിന് വേണ്ടിയുള്ള മേക്കോവര്‍ നടത്തിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിടുന്നത്.

## Article Content

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടായി അറിയപ്പെടുന്ന നടന്‍ ജഗതി ശ്രീകുമാര്‍ തിരിച്ച് വരികയാണ്. മുന്‍പ് പലപ്പോഴായി പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും കഥാപാത്രത്തിന് വേണ്ടിയുള്ള മേക്കോവര്‍ നടത്തിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിടുന്നത്.

മമ്മൂട്ടിയെ നായകനാക്കി മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യ സീസണുകളില്‍ വിക്രം എന്ന കഥാപാത്രം ചെയ്തത് ജഗതി ആയിരുന്നു.

അഞ്ചാമതൊരു ഭാഗം കൂടി വരുമ്പോള്‍ ജഗതിയുടെ കഥാപാത്രത്തിനും അതേ പ്രധാന്യം തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ജഗതിയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി.

ഭീഷ്മപര്‍വ്വം എന്ന പുതിയ സിനിമയുടെ പ്രൊമോഷന് എത്തിയപ്പോള്‍ ഒരു അഭിമുഖത്തിലൂടെയാണ് ജഗതിയെ കുറിച്ച് മമ്മൂട്ടി സംസാരിച്ചത്. അദ്ദേഹത്തിന് അഭിനയിക്കാന്‍ വലിയ ആഗ്രഹം ഉണ്ടെന്നാണ് മെഗാസ്റ്റാര്‍ അഭിപ്രായപ്പെട്ടത്.

'ജഗതി എന്ന കലാകാരനെ എത്ര മാത്രം മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'അഭിനയിച്ചപ്പോഴും സീനൊക്കെ എടുത്തപ്പോഴും തോന്നിയിരുന്നു. ആ രംഗങ്ങളെ പറ്റി ഒന്നു പറയുന്നില്ല. അത് ആ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സിനിമ കാണുമ്പോള്‍ മനസിലാവും. അതിനെ പറ്റി എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാല്‍ അതിന്റെ മധുരം പോകും.

അദ്ദേഹത്തെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നി. പുള്ളിക്ക് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്. ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെയുള്ള ഒരു അവസ്ഥയിലല്ല. എങ്ങനെയാവേണ്ട ആളാണ്' അദ്ദേഹമെന്നും മമ്മൂട്ടി പറയുന്നു.

ഫെബ്രുവരി 27 മുതലാണ് ജഗതി ശ്രീകുമാര്‍ സി.ബി.ഐ ടീമിനൊപ്പം ജോയിന്‍ ചെയ്തത്. ഈ സീസണിലും ശക്തമായ കഥാപാത്രത്തെ തന്നെയായിരിക്കും ജഗതി അവതരിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു.

ജഗതിയുടെ കൂടെ മകന്‍ കൂടി സിനിമയില്‍ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. താരപുത്രന്‍ രാജ്കുമാറിന്റെ സിനിമയിലേക്കുള്ള എന്‍ട്രി പിതാവിനൊപ്പം ആവുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും.

### Related Links & Sources
- [Original Story Source](https://moviemax.in/news/29510/malayalam-megastar-mammootty-has-now-spoken-about-jagathy)