---
title: "'അയ്യപ്പന്‍ നായര്‍' തെലുങ്കിലെത്തുമ്പോള്‍ 'ഭീംല നായക്'; ഏറ്റുമുട്ടാന്‍ പവന്‍ കല്യാണും റാണ ദഗുബാട്ടിയും"
english_title: "'Ayyappan Nair' in Telugu 'Bhimla Nayak'; Pawan Kalyan and Rana Dagubatti to face off"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2941/ayyappan-nair-in-telugu-bhimla-nayak-pawan-kalyan-and-rana-dagubatti-to-face-off"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fffcfc59106_Untitled-1.jpg"
keywords: []
---

# 'അയ്യപ്പന്‍ നായര്‍' തെലുങ്കിലെത്തുമ്പോള്‍ 'ഭീംല നായക്'; ഏറ്റുമുട്ടാന്‍ പവന്‍ കല്യാണും റാണ ദഗുബാട്ടിയും

> **Lead Summary:** പവന്‍ കല്യാണും റാണ ദഗുബാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിന്‍റെ ചിത്രീകരണം ജനുവരി അവസാനം ആരംഭിച്ചതായിരുന്നു.

## Article Content

പവന്‍ കല്യാണും റാണ ദഗുബാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിന്‍റെ ചിത്രീകരണം ജനുവരി അവസാനം ആരംഭിച്ചതായിരുന്നു.

എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടിവന്നു. ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ് അണിയറക്കാര്‍.

പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേരും ഗെറ്റപ്പും കൂടാതെ ഒരു ലൊക്കേഷന്‍ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട് നിര്‍മ്മാതാക്കള്‍.

മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച 'അയ്യപ്പന്‍ നായര്‍' തെലുങ്കിലെത്തുമ്പോള്‍ പേര് 'ഭീംല നായക്' എന്നാണ്. പൊലീസ് യൂണിഫോമില്‍ ഈ കഥാപാത്രമായുള്ള പവന്‍ കല്യാണിന്‍റെ ചിത്രങ്ങളും വീഡിയോയും പുറത്തെത്തിയിട്ടുണ്ട്.

പൃഥ്വിരാജിന്‍റെ കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്ന റാണ ദഗുബാട്ടിയും പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്‍തിട്ടുണ്ട്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത അയ്യപ്പനും കോശിയുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം.

ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്‍തിരിക്കുന്നത്.

റാം ലക്ഷ്‍മണ്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ വൈകാതെ പ്രഖ്യാപിക്കും.

2022 സംക്രാന്തിക്ക് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2941/ayyappan-nair-in-telugu-bhimla-nayak-pawan-kalyan-and-rana-dagubatti-to-face-off)