---
title: "ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആര്? ഗ്രാന്‍ഡ് ഫിനാലെയില്‍ സര്‍പ്രൈസ്?"
english_title: "Who is the winner of Bigg Boss title? Surprise at the Grand Finale?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2913/who-is-the-winner-of-bigg-boss-title-surprise-at-the-grand-finale"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fd13b3675dd_Untitled-7.jpg"
keywords: []
---

# ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആര്? ഗ്രാന്‍ഡ് ഫിനാലെയില്‍ സര്‍പ്രൈസ്?

> **Lead Summary:** ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി ആര്? പതിവിനു വിപരീതമായി ടൈറ്റില്‍ വിന്നര്‍ ആരെന്നറിയാനായി പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കും രണ്ട് മാസക്കാലം കാത്തിരിക്കേണ്ടിവന്ന സീസണ്‍ ആയിരുന്നു ഇത്തവണത്തേത്.

## Article Content

ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി ആര്? പതിവിനു വിപരീതമായി ടൈറ്റില്‍ വിന്നര്‍ ആരെന്നറിയാനായി പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കും രണ്ട് മാസക്കാലം കാത്തിരിക്കേണ്ടിവന്ന സീസണ്‍ ആയിരുന്നു ഇത്തവണത്തേത്.

കൊവിഡ് രണ്ടാംതരംഗം തന്നെയായിരുന്നു അതിനു കാരണമായത്. തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 95-ാം ദിവസമായ മെയ് 19ന് ബിഗ് ബോസ് 3 അവസാനിപ്പിക്കേണ്ടിവന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്‍റെ ഫലമായി അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചു.

ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെ നടത്താനുള്ള സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു പിന്നീട് നിര്‍മ്മാതാക്കള്‍.

ഷോ നടന്ന ചെന്നൈ ഇവിപി ഫിലിം സിറ്റി തന്നെയായിരുന്നു ഗ്രാന്‍ഡ് ഫിനാലെയുടെയും വേദി. സാധാരണ ഏഷ്യാനെറ്റില്‍ ലൈവ് സംപ്രേഷണമാണ് ഗ്രാന്‍ഡ് ഫിനാലെയെങ്കില്‍ ഇത്തവണ അത് റെക്കോര്‍ഡഡ് സംപ്രേഷണമാണ്.

ചിത്രീകരണം ഇന്നലെ നടന്ന ഫിനാലെയുടെ സംപ്രേഷണ തീയതി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നിരിക്കിലും ഓഗസ്റ്റ് 1, 2 തീയതികളില്‍ സംപ്രേഷണം നടക്കുമെന്നാണ് ലഭ്യമായ വിവരം.

അപ്പോഴും ആ പ്രധാന ചോദ്യം അവശേഷിക്കുകയാണ്. ആരാണ് ഇത്തവണത്തെ ടൈറ്റില്‍ വിജയി?

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇനിയും എത്തിയിട്ടില്ലെങ്കിലും ഭൂരിഭാഗം പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നതുപോലെ മണിക്കുട്ടനാണ് ടൈറ്റില്‍ വിന്നര്‍ എന്നാണ് വിവരം.

രണ്ടാം സ്ഥാനത്ത് സായ് വിഷ്‍ണുവും മൂന്നാമത് ഡിംപല്‍ ഭാലും എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മൂന്നാം സ്ഥാനത്തെത്തിയതിന് ഡിംപല്‍ ഭാല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഫാന്‍ ഗ്രൂപ്പുകളില്‍ ഫിനാലെ വേദിയില്‍ നിന്നുള്ള ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ ഇങ്ങനെയാണെന്നാണ് നിലവില്‍ ലഭ്യമായ വിവരം.

4. റംസാന്‍ മുഹമ്മദ് 5. അനൂപ് കൃഷ്‍ണന്‍ 6. കിടിലം ഫിറോസ് 7. റിതു മന്ത്ര 8. നോബി മാര്‍ക്കോസ്

### Related Links & Sources
- [Original Story Source](https://moviemax.in/news/2913/who-is-the-winner-of-bigg-boss-title-surprise-at-the-grand-finale)