---
title: "'മകള്‍', പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു"
english_title: "Now the new poster of the movie 'MAKAL' has been released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/29065/now-the-new-poster-of-the-movie-makal-has-been-released"
published_at: "2022-03-01T10:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621dad3bdf104_MAKAL.jpg"
keywords: []
---

# 'മകള്‍', പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

> **Lead Summary:** ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് 'മകള്‍' . സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മീരാ ജാസ്‍മിൻ വീണ്ടും നായികയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. 'മകള്‍' എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു.

## Article Content

ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് 'മകള്‍' . സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മീരാ ജാസ്‍മിൻ വീണ്ടും നായികയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. 'മകള്‍' എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു.

ഇപ്പോഴിതാ 'മകള്‍' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. വ്യത്യസ്‍ത മതത്തിലുള്ള മാതാപിതാക്കളെ കുറിച്ച് ചിന്തിക്കുന്ന മകളാണ് പോസ്റ്ററിലുള്ളത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാ ജാസ്‍മിന്‍.

തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമെന്നായിരുന്നു മീര ജാസ്‍മിൻ യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ച് പറഞ്ഞത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു.

ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്. ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്.

ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്.‌ 'അച്ചുവിന്റെ അമ്മ', 'രസതന്ത്രം' എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും.

രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെയെന്നും മീര ജാസ്‍മിൻ പറഞ്ഞിരുന്നു. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. മീരാ ജാസ്‍മിന് പ്രാധാന്യമുള്ള കഥാപാത്രമാണ് 'മകളിലേ'ത് എന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/29065/now-the-new-poster-of-the-movie-makal-has-been-released)