---
title: "'വിക്രം' ഷൂട്ടില്‍ ജോയിന്‍ ചെയ്‍ത് ഫഹദ് ഫാസില്‍"
english_title: "Fahad Fazil joins 'Vikram' shoot"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2905/fahad-fazil-joins-vikram-shoot"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fbe9bd217b9_Untitled-1.jpg"
keywords: []
---

# 'വിക്രം' ഷൂട്ടില്‍ ജോയിന്‍ ചെയ്‍ത് ഫഹദ് ഫാസില്‍

> **Lead Summary:** തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് ഇപ്പോള്‍ 'വിക്രം'. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരനിരയാണ് അതിനു കാരണം.

## Article Content

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് ഇപ്പോള്‍ 'വിക്രം'. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരനിരയാണ് അതിനു കാരണം.

കമല്‍ ഹാസന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ്.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വാരം ചെന്നൈയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഫഹദ് ജോയിന്‍ ചെയ്‍തിരുന്നില്ല.

എന്നാല്‍ ഇപ്പോഴിതാ ഫഹദ് ഫാസിലും ചിത്രീകരണത്തില്‍ പങ്കെടുക്കാനായി എത്തിയിരിക്കുകയാണ്. കമലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫഹദ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വിജയ് നായകനായ 'മാസ്റ്ററി'നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കമല്‍ ഹാസന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. കമല്‍ ഹാസനും ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കുമൊപ്പം നരെയ്‍നും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രാഹകനായ സത്യന്‍ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകള്‍ വന്നതിനാല്‍ പിന്മാറുകയായിരുന്നു.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്.

നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2905/fahad-fazil-joins-vikram-shoot)