---
title: "'ഇഷ്‍ക്' തെലുങ്ക് റീമേക്കിന് അടുത്തയാഴ്ച തിയറ്റര്‍ റിലീസ്"
english_title: "Theatrical release of 'Ishq' Telugu remake next week"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2875/theatrical-release-of-ishq-telugu-remake-next-week"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fa40c623f70_Untitled-1.jpg"
keywords: []
---

# 'ഇഷ്‍ക്' തെലുങ്ക് റീമേക്കിന് അടുത്തയാഴ്ച തിയറ്റര്‍ റിലീസ്

> **Lead Summary:** കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തുറക്കുന്ന തിയറ്ററുകളിലെ ആദ്യ റിലീസ് ആവാന്‍ 'ഇഷ്‍ക്' റീമേക്ക്.

## Article Content

കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തുറക്കുന്ന തിയറ്ററുകളിലെ ആദ്യ റിലീസ് ആവാന്‍ 'ഇഷ്‍ക്' റീമേക്ക്.

ഷെയ്‍ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാഗ് മനോഹര്‍ സംവിധാനം ചെയ്‍ത് 2019ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കും അതേ പേരിലാണ് എത്തുന്നത്.

എസ് എസ് രാജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്നത് പ്രിയ പ്രകാശ് വാര്യര്‍ ആണ്. നായകന്‍ സജ്ജ തേജയും.

ഏപ്രില്‍ 23ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് രണ്ടാംതരംഗം കാരണം റിലീസ് നീട്ടിവെക്കേണ്ടിവന്നു. ഈ മാസം 30 ആണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

സാം കെ നായിഡുവാണ് ഛായാഗ്രഹണം. എ വര പ്രസാദ് എഡിറ്റിംഗ്. മഹതി സ്വര സാഗറിന്‍റേതാണ് സംഗീതം.

മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ എന്‍ വി പ്രസാദ്, പരസ് ജെയിന്‍, വകഡ അഞ്ജന്‍ കുമാര്‍ എന്നിവരാണ് നിര്‍മ്മാണം.

അതേസമയം ജൂലൈ 30ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന വേറെയും ചിത്രങ്ങളുണ്ട് തെലുങ്കില്‍. സത്യദേവ് കഞ്ചറാണ, പ്രിയങ്ക ജവാല്‍ക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരണ്‍ കോപ്പിസെട്ടി സംവിധാനം ചെയ്‍ത തിമ്മരുസു, വരുണ്‍ തേജ്, ഉപേന്ദ്ര, സുനില്‍ ഷെട്ടി, ജഗപതി ബാബു, നവീന്‍ ചന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ കോറപതി സംവിധാനം ചെയ്‍ത ഘാനി എന്നിവയും ഈ മാസം 30ന് തിയറ്ററുകളിലെത്തുന്ന ചിത്രങ്ങളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2875/theatrical-release-of-ishq-telugu-remake-next-week)