---
title: "കട്ടത്താടിയും കൊമ്പൻ മീശയും ,വേറിട്ട ലുക്കില്‍ ഷറഫുദ്ദീൻ"
english_title: "Sharafuddin with a beard and horny mustache and a different look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2843/sharafuddin-with-a-beard-and-horny-mustache-and-a-different-look"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60f01594595a0_shafarudeen copy.jpg"
keywords: []
---

# കട്ടത്താടിയും കൊമ്പൻ മീശയും ,വേറിട്ട ലുക്കില്‍ ഷറഫുദ്ദീൻ

> **Lead Summary:** ഓരോ സിനിമകൾ കഴിയുന്തോറും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന താരമാണ് ഷറഫുദ്ദീൻ.

## Article Content

ഓരോ സിനിമകൾ കഴിയുന്തോറും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന താരമാണ് ഷറഫുദ്ദീൻ.

‘പ്രേമ’ത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിൽ നിന്നും ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ റോയിയിൽ എത്തി നിൽക്കുമ്പോൾ ഷറഫുദ്ദീൻ എന്ന നടന്റെ വളർച്ച ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

ഇപ്പോഴിതാ, കട്ടത്താടിയും കൊമ്പൻ മീശയുമൊക്കെയായി പുതിയ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ട് ആരാധകരെ അമ്പരപ്പിക്കുകയാണ് ഷറഫുദ്ദീൻ.

ഇൻസ്റ്റഗ്രാമിലാണ് ഷറഫുദ്ദീൻ തന്റെ പുതിയ ലുക്കിലുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനകം വൈറലായി കഴിഞ്ഞു. 2013ൽ അൽഫോൺസ് പുത്രന്റെ ‘നേരം’ എന്ന ചിത്രത്തിലൂടെയായിരുന്നു ഷറഫുദ്ദീന്റെ സിനിമ അരങ്ങേറ്റം.

തുടർന്ന് ‘ഓം ശാന്തി ഓശാന’യിൽ അഭിനയിച്ചു. 2015ൽ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സിനിമയാണ് ഷറഫുദ്ദീന് ബ്രേക്ക് സമ്മാനിച്ചത്.

പാവാട, പ്രേതം, കാർബൺ, ഹാപ്പി വെഡ്ഡിംഗ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജോർജേട്ടൻസ് പൂരം, റോൾ മോഡൽസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേശ, ആദി, തൊബാമ, ജോണി ജോണി യെസ് പപ്പ, ചിൽഡ്രൻസ് പാർക്ക്, വൈറസ്, വരത്തൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ പിന്നീട് ഷറഫുദ്ദീൻ വേഷമിട്ടു.

നായകതുല്യമായ വേഷത്തിൽ ഷറഫുദ്ദീൻ എത്തിയ ചിത്രമായിരുന്നു ‘നീയും ഞാനും’. അടുത്തിടെ അഞ്ചാം പാതിരയിലെ വില്ലൻ വേഷം ഷറഫുദ്ദീന് ഏറെ നിരൂപക പ്രശംസ നേടികൊടുത്തിരുന്നു.

‘ആർക്കറിയാം’ ആണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ഷറഫുദ്ദീൻ ചിത്രം.

ആലുവ സ്വദേശിയായ ഷറഫുദ്ദീൻ സെയിൽ എക്സിക്യൂട്ടീവ് ആയും ടൂറിസം രംഗത്തുമെല്ലാം പ്രവർത്തിച്ചതിനു ശേഷമാണ് സിനിമയിലേക്ക് എത്തിയത്.

2015 ൽ ആയിരുന്നു ചങ്ങനാശ്ശേരി സ്വദേശിനിയായ ബീമയുമായുള്ള വിവാഹം. രണ്ടു പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2843/sharafuddin-with-a-beard-and-horny-mustache-and-a-different-look)