---
title: "'ആറാട്ട്' ​ഗാനത്തിന്റെ റിഹേഴ്സൽ വീഡിയോ പുറത്ത് "
english_title: "Now the video of Mohanlal practicing this dance is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28307/now-the-video-of-mohanlal-practicing-this-dance-is-going-viral"
published_at: "2022-02-25T10:48:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621867c69bca9_araattbv.jpg"
keywords: []
---

# 'ആറാട്ട്' ​ഗാനത്തിന്റെ റിഹേഴ്സൽ വീഡിയോ പുറത്ത് 

> **Lead Summary:** മോഹൻലാലിന്റെ ആറാട്ട് മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പഴയ മാസ് മോഹൻലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ പ്രശംസയുമായി രം​ഗത്തെത്തുന്നുണ്ട്.

## Article Content

മോഹൻലാലിന്റെ ആറാട്ട് മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പഴയ മാസ് മോഹൻലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ പ്രശംസയുമായി രം​ഗത്തെത്തുന്നുണ്ട്.

ചിത്രത്തിലെ 'ഒന്നാം കണ്ടം' എന്ന ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ​ഗാനത്തിന്റെ അവസാന ഭാ​ഗത്തുള്ള മോഹൻലാലിന്റെ ഡാൻസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഈ രം​ഗം പരിശീലിക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ബാക്ക്​ഗ്രൗണ്ട് നൃത്തകർക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. ഡാൻസിനൊടുവിൽ ചുറ്റും നിന്നവർ നിറഞ്ഞ കയ്യടികളോടെ താരത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

> ഈ പ്രായത്തിലും ഇത്രയും എനർജറ്റിക് ആയി ഡാൻസ് കളിക്കുന്ന മോഹൻലാൽ എന്നും അഭിമാനമെന്നാണ് പലരും കുറിക്കുന്നത്. "ലാലേട്ടനെക്കൊണ്ട് ഇതിലും നല്ലസ്റ്റെപ് ചെയ്യിക്കാനാവും..

> തിരിയുന്നത് പഴയ സ്റ്റൈൽ ആണ്.. മെയ്‌വഴക്കം അടിപൊളി, ഏതെങ്കിലും ഒരു ഡയറക്ടർമാർ ലാലേട്ടനെ കൊണ്ട് ഇനി ഫുൾ സോങ് ഡാൻസ് ചെയ്യിപ്പിക്കണം..", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28307/now-the-video-of-mohanlal-practicing-this-dance-is-going-viral)