---
title: "കെപിഎസി ലളിത ഇനി എത്തുക 'കാര്‍ത്ത്യാനിയമ്മ'യായി"
english_title: "KPAC Lalitha is now coming as Karthiyaniyamma."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27901/kpac-lalitha-is-now-coming-as-karthiyaniyamma"
published_at: "2022-02-23T08:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215a86869908_NADI KPAC.jpg"
keywords: []
---

# കെപിഎസി ലളിത ഇനി എത്തുക 'കാര്‍ത്ത്യാനിയമ്മ'യായി

> **Lead Summary:** മലയാള സിനിമയുടെ മുഖത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ഒരുപാടു പേരുണ്ട്. അതില്‍ തീര്‍ച്ചയായും ഉള്‍പ്പെടുന്ന ഒരു മുഖം തീര്‍ച്ചയായും കെപിഎസി ലളിതയുടേത് തന്നെ. മലയാളത്തിന്റെ വൈവിധ്യമുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ ലളിതയുടെ രൂപത്തില്‍ മലയാളികളുടെ ഓര്‍മയിലേക്ക് എന്നും കടന്നുവന്നുകൊണ്ടേയിരിക്കും ഇനിയും.

## Article Content

മലയാള സിനിമയുടെ മുഖത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ഒരുപാടു പേരുണ്ട്. അതില്‍ തീര്‍ച്ചയായും ഉള്‍പ്പെടുന്ന ഒരു മുഖം തീര്‍ച്ചയായും കെപിഎസി ലളിതയുടേത് തന്നെ. മലയാളത്തിന്റെ വൈവിധ്യമുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ ലളിതയുടെ രൂപത്തില്‍ മലയാളികളുടെ ഓര്‍മയിലേക്ക് എന്നും കടന്നുവന്നുകൊണ്ടേയിരിക്കും ഇനിയും.

രണ്ട് പ്രധാന ചിത്രങ്ങളില്‍ താൻ അഭിനയിച്ചത് കാണാൻ നില്‍ക്കാതെയാണ് കെപിഎസി ലളിത കഴിഞ്ഞ ദിവസം യാത്രയായിരിക്കുന്നത്. മലയാളത്തിന്റെ മഹാനടനും കെപിഎസി ലളിതയ്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനുമായ മമ്മൂട്ടിയുടെ ചിത്രമാണ് അതിലൊന്ന്.

> 'ഭീഷ്‍മ പര്‍വം' എന്ന ചിത്രത്തില്‍ കെപിഎസി ലളിതയും അഭിനയിച്ചിട്ടുണ്ട്. 'കാര്‍ത്ത്യാനിയമ്മ'യായിട്ടാണ് "ഭീഷ്‍മ പര്‍വ'ത്തില്‍ കെപിഎസി ലളിത അഭിനയിച്ചിരിക്കുന്നത്. 'ഭീഷ്‍മ പര്‍വം' എന്ന ചിത്രത്തിലെ കെപിഎസി ലളിതയുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു.

അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 'ഭീഷ്‍മ പര്‍വം' തിയറ്ററുകളിലെത്തുമ്പോള്‍ ഒരു നൊമ്പരത്തോടെയാകും കെപിഎസി ലളിതയെ പ്രേക്ഷകര്‍ കാണുക. നവ്യാ നായര്‍ നായികയായ 'ഒരുത്തീ' എന്ന ചിത്രമാണ് കെപിഎസി ലളിതയുടേതായി വൈകാതെ പ്രദര്‍ശനത്തിനെത്താനുള്ള മറ്റൊന്ന്. നവ്യാ നായരുടെ അമ്മയയായിട്ടായിരുന്നു ചിത്രത്തില്‍ കെപിഎസി ലളിത അഭിനയിച്ചത്.

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 11നാണ് പ്രദര്‍ശനത്തിന് എത്തുക. മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അനാരോഗ്യത്തെ വകവയ്‍ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും അതുകൊണ്ടാണ്. ഒട്ടേറെ ചിത്രങ്ങളാണ് കെപിഎസി ലളിതയുടെ ഭാവവും രൂപവും ആഗ്രഹിച്ച് കാത്തിരുന്ന് ബാക്കിയായിരിക്കുന്നത്.

'എന്റെ പ്രിയതമന്', 'പാരീസ് പയ്യൻസ്', 'നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍ പ്ലീസ്', 'ഡയറി മില്‍ക്ക്', 'ലാസറിന്റെ ലോകം' തുടങ്ങി കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ പൂര്‍ത്തിയായവും തുടങ്ങാത്തവയും ഉണ്ട്. മഹേശ്വരിയമ്മ എന്ന കെപിഎസി ലളിത നാടകരംഗത്തിലൂടെയാണ് ആദ്യം കലാലോകത്ത് വരവറിയിച്ചത്.

കടയ്‍ക്കത്തറല്‍ വീട്ടില്‍ കെ അനന്തൻ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായ കെപിഎസി ലളിത 10 വയസുള്ളപ്പോഴേ നാടകത്തില്‍ അഭിനയിച്ചുതുടങ്ങി. 'ഗീതയുടെ ബലി' ആയിരുന്നു കെപിഎസി ലളിതയുടെ ആദ്യ നാടകം. കെപിഎസിയില്‍ ചേര്‍ന്ന ശേഷം നാടകഗ്രൂപ്പിന്റെ പേരും ചേര്‍ത്ത് ലളിതയായി. തോപ്പിൽ ഭാസിയുടെ 'കൂട്ടുകുടുംബത്തിലൂടെ'യാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27901/kpac-lalitha-is-now-coming-as-karthiyaniyamma)