---
title: "എന്റെ പ്രശ്നങ്ങൾക്ക് എന്നും സമയം കണ്ടെത്തുന്നയാൾ; ഗുരുവിനെക്കുറിച്ച് ശോഭന"
english_title: "Finds that the time of my problems; Shobhana about the Guru"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2766/finds-that-the-time-of-my-problems-shobhana-about-the-guru"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e57bed826dd_shobhana.jpg"
keywords: []
---

# എന്റെ പ്രശ്നങ്ങൾക്ക് എന്നും സമയം കണ്ടെത്തുന്നയാൾ; ഗുരുവിനെക്കുറിച്ച് ശോഭന

> **Lead Summary:** ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. എന്നാൽ അഭിനയമാണോ നൃത്തമാണോ കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ, നൃത്തമെന്ന് പറയും ശോഭന.

## Article Content

ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. എന്നാൽ അഭിനയമാണോ നൃത്തമാണോ കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ, നൃത്തമെന്ന് പറയും ശോഭന.

കാരണം ജീവശ്വാസു പോലെ തന്നെ പൊതിയുന്ന വലിയൊരു ഇഷ്ടത്തിന്റെ പേരാണ് ശോഭനയ്ക്ക് നൃത്തമെന്നത്.

നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്.

ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, തന്റെ ഗുരു ചിത്രാ വിശ്വേശ്വരനെ കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗുരുവിന് കൊടുക്കാവുന്ന ഏറ്റവും വലിയ അനുമോദനം എന്തെന്ന ചോദ്യത്തിന് തനിക്കൊരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ എപ്പോഴും സമയം കണ്ടെത്തുന്ന ആൾ എന്നാണ് ശോഭന കുറിച്ചത്.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി.

തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.

രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍.

ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2766/finds-that-the-time-of-my-problems-shobhana-about-the-guru)