---
title: "‘ശാകുന്തള’ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് "
english_title: "The first look of 'Shakuntala' is out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27556/the-first-look-of-shakuntala-is-out"
published_at: "2022-02-21T14:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621351496de64_samantha.jpg"
keywords: []
---

# ‘ശാകുന്തള’ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് 

> **Lead Summary:** സാമന്ത നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സിനിമയിൽ ടൈറ്റിൽ റോളിലാണ് സമാന്ത എത്തുന്നത്. ശകുന്തളയായി കിടിലൻ മേക്കോവറിലുള്ള സമാന്തയെ പോസ്റ്ററിൽ കാണാം. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

## Article Content

സാമന്ത നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സിനിമയിൽ ടൈറ്റിൽ റോളിലാണ് സമാന്ത എത്തുന്നത്. ശകുന്തളയായി കിടിലൻ മേക്കോവറിലുള്ള സമാന്തയെ പോസ്റ്ററിൽ കാണാം. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക.

രുദ്രമാദേവിക്കു ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്ന് നിർമിക്കുന്നു. അല്ലു അര്‍ജുന്‍റെ മകള്‍ അര്‍ഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്‍ഹയുടെ ആദ്യ ചിത്രം കൂടിയാണിത്.

കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി, അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരാണ് മറ്റ് താരങ്ങൾ.

അതേസമയം, വിജയ് സേതുപതിയുടെ കാതുവാക്കിലെ രണ്ടു കാതല്‍ എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തു വരാനിരിക്കുന്നത്. നയന്‍താരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലെ കമിതാക്കളാണ് മൂവരുടെയും കഥാപാത്രങ്ങള്‍. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പുറത്തെത്തിയ ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഏറെ രസകരമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27556/the-first-look-of-shakuntala-is-out)