---
title: "ഇന്ന്... ഞാൻ നിശബ്ദത പാലിക്കുന്നു; അടുത്ത ദിവസം എങ്ങനെയുണ്ടെന്ന് നോക്കാം...; അഹാനയുടേത് ആരോപണങ്ങൾക്കുള്ള മറുപടിയോ?"
english_title: "#amid #nancyrani #movie #related #controversy #actress #ahaanakrishna #post #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/275012/amid-nancyrani-movie-related-controversy-actress-ahaanakrishna-post-goes-viral-new"
published_at: "2025-03-07T10:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca7cbf48c56_ahaana.jpg"
keywords: []
---

# ഇന്ന്... ഞാൻ നിശബ്ദത പാലിക്കുന്നു; അടുത്ത ദിവസം എങ്ങനെയുണ്ടെന്ന് നോക്കാം...; അഹാനയുടേത് ആരോപണങ്ങൾക്കുള്ള മറുപടിയോ?

> **Lead Summary:** ** പത്ത്** വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് അഹാന കൃഷ്ണ. ഒരിക്കൽ പോലും താരത്തിന്റെ പേര് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. അതിനാൽ തന്നെ നാൻസി റാണി സിനിമയുമായി ബന്ധപ്പെട്ട് നടിയുടെ പേരിൽ സംവിധായകന്റെ ഭാര്യ ഉന്നയിച്ച പരാതികൾ തുടക്കത്തിൽ പ്രേക്ഷകർക്കും ആരാധകർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. നാൻസി റാണി സിനിമയുടെ പ്രമോഷൻ പരിപാടിയിൽ അഹാന കൃഷ്ണ പങ്കെടുക്കാതിരുന്നതോടെയാണ് ചർച്ചകളുടെ തുടക്കം. അഹാനയോട് ഞാൻ സംസാരിച്ചിരുന്നു.

## Article Content

** പത്ത്** വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് അഹാന കൃഷ്ണ. ഒരിക്കൽ പോലും താരത്തിന്റെ പേര് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. അതിനാൽ തന്നെ നാൻസി റാണി സിനിമയുമായി ബന്ധപ്പെട്ട് നടിയുടെ പേരിൽ സംവിധായകന്റെ ഭാര്യ ഉന്നയിച്ച പരാതികൾ തുടക്കത്തിൽ പ്രേക്ഷകർക്കും ആരാധകർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. നാൻസി റാണി സിനിമയുടെ പ്രമോഷൻ പരിപാടിയിൽ അഹാന കൃഷ്ണ പങ്കെടുക്കാതിരുന്നതോടെയാണ് ചർച്ചകളുടെ തുടക്കം. അഹാനയോട് ഞാൻ സംസാരിച്ചിരുന്നു.

പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരി​ഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്.

വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ലെന്നാണ് അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന അഹാനയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. വിഷയത്തിൽ നടിയുടെ വിശദീകരണം പ്രതീക്ഷച്ചിരുന്ന പ്രേക്ഷകർക്ക് ലഭിച്ചത് അഹാനയുടെ പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ്. രാജസ്ഥാനിലെ ദേശീയോദ്യാനങ്ങളിലൊന്നായ സരിസ്കയിൽ അവധി ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് അഹാന പുതിയ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.

[A post shared by Ahaana Krishna (@ahaana_krishna)](https://www.instagram.com/p/DG3I_L2AaZM/?utm_source=ig_embed&utm_campaign=loading)

വൈറ്റ് സ്ലീവ് ലെസ് ഡ്രസ് ധരിച്ച് സൂര്യാസ്തമയം ആസ്വദിക്കുന്ന അഹാനയെ ഫോട്ടോകളിൽ കാണാം. ഇന്ന്... ഞാൻ നിശബ്ദത തെരഞ്ഞെടുക്കുന്നു. അടുത്ത ദിവസം എങ്ങനെയുണ്ടെന്ന് നമുക്ക് നോക്കാം... സരിസ്കയിലെ മനോഹരമായ ഒരു സൂര്യാസ്തമയം... എന്നായിരുന്നു ഫോട്ടോകൾക്ക് അഹാന നൽകിയ ക്യാപ്ഷൻ.

വൺ ഫോർ ദി ഏജസ് എന്നൊരു ഹാഷ്ടാ​ഗും പുഞ്ചിരിക്കുന്ന ഒരു സ്മൈലിയും ക്യാപ്ഷനൊപ്പം നടി ചേർത്തിട്ടുണ്ട്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ വിവാദങ്ങൾക്കുള്ള മറുപടി അഹാന പറയാതെ പറയുകയാണോ എന്ന സംശയമായി ആരാധകർ‌ക്ക്. നാൻസി റാണി പ്രമോഷൻ വിഷയത്തിൽ അഹാനയ്ക്ക് പറയാനുള്ളത് എന്താണെന്ന് കൂടി കേൾക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.

കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ യുവനടി അനശ്വര രാജന് എതിരെ ഒരു സംവിധായകൻ ആരോപണവുമായി എത്തിയപ്പോൾ നടി തന്റെ ഭാ​ഗം കൃത്യമായി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വിശദീകരിച്ചിരുന്നു. അതുപോലൊരു പ്രതികരണം അഹാനയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ടെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്. പലരും നാൻസി റാണി വിഷയത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് നടിയോട് കമന്റ് ബോക്സിലൂടെ ചോ​​ദിക്കുന്നുണ്ട്.

മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാന്‍സി റാണി. അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലാൽ, ശ്രീനിവാസൻ, ഇന്ദ്രൻസ്, ധ്രുവൻ, ഇർഷാദ്, റോയി സെബാസ്റ്റ്യൻ, മല്ലികാ സുമാരൻ, ലെന, മാല പാർവതി തുടങ്ങിയ പ്രമുഖ താരങ്ങൾ അഹാനയ്ക്കൊപ്പം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററും ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/275012/amid-nancyrani-movie-related-controversy-actress-ahaanakrishna-post-goes-viral-new)