---
title: "അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ഗാനം പുറത്തുവിട്ട് ചാക്കോച്ചൻ"
english_title: "Chackochan releases an unheard song from Aniyathipravu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2749/chackochan-releases-an-unheard-song-from-aniyathipravu"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e28ec53c9e7_Untitled-3.jpg"
keywords: []
---

# അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ഗാനം പുറത്തുവിട്ട് ചാക്കോച്ചൻ

> **Lead Summary:** 1997ൽ സംവിധായകൻ ഫാസിൽ ഒരുക്കിയ ഹിറ്റ് ചിത്രമാണ് അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബനും ശാലിനിയും തിലകനും ശ്രീവിദ്യയും ഹരിശ്രീ അശോകനും സുധീഷും പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിലെ റൊമാന്‍റിക് സിനിമകളിൽ എക്കാലവും ഓർമ്മിക്കുന്നതുകൂടിയാണ്.

## Article Content

1997ൽ സംവിധായകൻ ഫാസിൽ ഒരുക്കിയ ഹിറ്റ് ചിത്രമാണ് അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബനും ശാലിനിയും തിലകനും ശ്രീവിദ്യയും ഹരിശ്രീ അശോകനും സുധീഷും പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിലെ റൊമാന്‍റിക് സിനിമകളിൽ എക്കാലവും ഓർമ്മിക്കുന്നതുകൂടിയാണ്.

ഔസേപ്പച്ചൻ ഈണമിട്ട സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. എന്നും നിന്നെ പൂജിക്കാം, ഓ പ്രിയേ, ഒരു രാജമല്ലി തുടങ്ങി സിനിമയിലെ എല്ലാ ഗാനങ്ങളും മലയാളികള്‍ ഏറ്റെടുക്കുകയുണ്ടായി. ഇപ്പോഴിതാ സിനിമയ്ക്കായി ഈണമിട്ട ഒരു പാട്ട് ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ്.

> തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം....." എന്ന പാട്ട് ചിത്രത്തിൽ നായകവേഷത്തിലെത്തിയ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇപ്പോള്‍ വര്‍ഷങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഒരു കാലത്ത് കേരളത്തിലെ ക്യാമ്പസുകളെ ഇളക്കി മറിച്ച സിനിമയിലെ ആരും കേൾക്കാത്ത ഈ പാട്ട് ഒരുക്കിയിരിക്കുന്നതും സംഗീത സംവിധായകൻ ഔസേപ്പച്ചൻ തന്നെയാണ്.

ഈയിടെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരോടുള്ള ആദരവിന്‍റെ സൂചകമായിട്ടാണ് ഔസേപ്പച്ചൻ ഇപ്പോള്‍ ഈ ഗാനം പുറത്തു വിട്ടതും കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചതും.

അനിയത്തിപ്രാവിനു വേണ്ടി എസ് രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് യേശുദാസും ചിത്രയും ആലപിച്ച പാട്ടാണിത്. എന്നാൽ സിനിമയുടെ ക്ലൈമാസിന് മാറ്റം വന്നതൊടെ പാട്ട് ചിത്രത്തിൽ ഉപയോഗിച്ചില്ല.

ഔസേപ്പച്ചന്‍റെ കയ്യിൽ ഇക്കാലമത്രയും ഭദ്രമായിരുന്ന ഈ ഗാനം രമേശൻ നായർ വിട വാങ്ങിയപ്പോൾ ഏറേ ആദരവോടെ സംഗീത പ്രേമികൾക്കായി പുറത്തു വിട്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2749/chackochan-releases-an-unheard-song-from-aniyathipravu)