---
title: "ചേച്ചിയുടെ കല്യാണത്തെക്കുറിച്ചായിരുന്നു അച്ഛന്‍ മരിക്കും മുമ്പും സംസാരിച്ചത്; ആ സിനിമ കണ്ടില്ലെന്നത് ഇന്നും വിഷമം -നിഖില"
english_title: "#Even #before #death #father #talked #sister #wedding #still #feel #sad #didnt #see #movie #Nikhilavimal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/272411/even-before-death-father-talked-sister-wedding-still-feel-sad-didnt-see-movie-nikhilavimal"
published_at: "2025-02-23T22:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb4e09b9333_Untitled-1.jpg"
keywords: []
---

# ചേച്ചിയുടെ കല്യാണത്തെക്കുറിച്ചായിരുന്നു അച്ഛന്‍ മരിക്കും മുമ്പും സംസാരിച്ചത്; ആ സിനിമ കണ്ടില്ലെന്നത് ഇന്നും വിഷമം -നിഖില

> **Lead Summary:** തന്റെ അച്ഛന്‍ എംആര്‍ പവിത്രനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടി നിഖില വിമല്‍. അച്ഛന്റെ മരണശേഷം തന്നെ അലട്ടുന്നൊരു വേദന പങ്കുവെക്കുകയാണ് നിഖില വിമല്‍.

## Article Content

തന്റെ അച്ഛന്‍ എംആര്‍ പവിത്രനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടി നിഖില വിമല്‍. അച്ഛന്റെ മരണശേഷം തന്നെ അലട്ടുന്നൊരു വേദന പങ്കുവെക്കുകയാണ് നിഖില വിമല്‍.

കൊവിഡ് കാലത്തായിരുന്നു നിഖിലയുടെ അച്ഛന്റെ മരണം. അച്ഛനെക്കുറിച്ച് മുമ്പും അഭിമുഖങ്ങളില്‍ നിഖില സംസാരിച്ചിട്ടുണ്ട്.

''അച്ഛന് മമ്മൂക്കയെ ഭയങ്കര ഇഷ്ടമായിരുന്നു. അതിനാല്‍ അച്ഛന്‍ പ്രീസ്റ്റ് കാണണം എന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. കൊവിഡിന് മുമ്പ് ഷൂട്ട് ചെയ്ത് തുടങ്ങുകയും കൊവിഡിന് ശേഷം പൂര്‍ത്തിയാവുകയും ചെയ്‌തൊരു സിനിമയായിരുന്നു പ്രീസ്റ്റ്.

മമ്മൂക്കയ്‌ക്കൊപ്പം ഞാനൊരു സിനിമ ചെയ്യുന്നുണ്ടെന്ന് അച്ഛന് അറിയാമായിരുന്നു. അച്ഛന് ആ സിനിമ കാണാന്‍ ആഗ്രഹമുണ്ടെന്നും എനിക്ക് തോന്നിയിരുന്നു. അത് അച്ഛന്‍ കണ്ടില്ലല്ലോ എന്നത് എനിക്ക് ഭയങ്കര വിഷമമാണ്.'' എന്നാണ് നിഖില പറഞ്ഞത്.

കുറച്ച് വയ്യാതായതോടെ എന്റെ സിനിമകള്‍ വരുമ്പോള്‍ മാത്രമേ തീയേറ്ററില്‍ പോയി സിനിമ കാണുമായിരുന്നുള്ളൂ. മമ്മൂക്കയുടെ കൂടെയുള്ള സിനിമ അച്ഛന്‍ അത്രയും ശ്രദ്ധയോടെ ഇരുന്ന് കണ്ടിരുന്നേനെ.

അച്ഛന്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്‌തേനെ എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ സിനിമ ചെയ്യുന്നത് അറിയാമായിരുന്നു. പക്ഷെ കാണാന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നിയിരുന്നുവെന്നും നിഖില പറയുന്നു.

കല്യാണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും നിഖില പങ്കുവെക്കുന്നുണ്ട്. ഞാന്‍ സാമ്പത്തികമായി ആരേയും ആശ്രയിക്കേണ്ടാത്ത ഘട്ടമെത്തിയെന്നും എനിക്ക് വേണമെന്ന് തോന്നുകയും ചെയ്യുമ്പോള്‍ ഞാന്‍ കല്യാണം കഴിക്കും. അല്ലാതെ എന്നെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കാന്‍ പറ്റില്ലെന്നാണ് നിഖില പറയുന്നത്.

കല്യാണം കഴിക്കില്ലെന്നല്ല. എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നുകയും ശരിയായ ആള്‍ വന്നുവെന്ന് തോന്നുമ്പോള്‍ കല്യാണം കഴിക്കുമെന്ന് താരം വ്യക്തമാക്കുന്നു.

അല്ലാതെ സോഷ്യല്‍ കണ്‍സ്ട്രക്ഷന്റെ ഭാഗമായി കല്യാണം കഴിക്കുന്നതിനോട് ഞാന്‍ ഓക്കെയല്ല. ആരെങ്കിലും നിര്‍ബന്ധിച്ച് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതൊക്കെ എന്റെ ജീവിതത്തില്‍ പാളിയിട്ടേയുള്ളൂവെന്നും നിഖില പറയുന്നുണ്ട്.

''ഞാന്‍ വീട്ടിലെ ഇളയ കുട്ടിയാണ്. എന്റെ അച്ഛന്‍ എനിക്ക് 26-27 വയസുള്ളപ്പോഴാണ് മരിക്കുന്നത്. സാധാരണഗതിയില്‍ അത് കല്യാണപ്രായം ആണ്. പക്ഷെ എന്റെ അച്ഛന്‍ മരിക്കുന്നത് വരെ ചേച്ചിയുടെ കല്യാണത്തെക്കുറിച്ച് മാത്രമായിരുന്നു സംസാരിച്ചിരുന്നത്.

അച്ഛാ ഞാന്‍ കല്യാണം കഴിക്കണ്ടേ എന്ന് ചോദിക്കുമ്പോല്‍ നിനക്ക് കല്യാണപ്രായം ആയിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. അമ്മ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു നിന്റെ കല്യാണം എന്ന് പറയുമ്പോള്‍ ഏയ് നീ കല്യാണം കഴിക്കാന്‍ ആയിട്ടില്ല എന്ന് അച്ഛന്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറയും'' എന്നും നിഖില ചൂണ്ടിക്കാണിക്കുന്നു.

ഗെറ്റ് സെറ്റ് ബേബിയാണ് നിഖിലയുടെ പുതിയ സിനിമ. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റിലീസ്. നിരവധി സിനിമകളാണ് നിഖിലയുടേതായി അണിയറയിലൊരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/272411/even-before-death-father-talked-sister-wedding-still-feel-sad-didnt-see-movie-nikhilavimal)