---
title: "'ദശരഥ'ത്തിന് രണ്ടാംഭാഗം? സിബി മലയിലിന്‍റെ മറുപടി ഇങ്ങനെ ...."
english_title: "The second part of 'Dasaratha'? This is the answer of Sibi Malayil ...."
publisher: "moviemax.in"
canonical_url: "https://moviemax.in/news/26133/the-second-part-of-dasaratha-this-is-the-answer-of-sibi-malayil"
published_at: "2022-02-13T10:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208923e1bc72_dhasharadham.jpg"
keywords: []
---

# 'ദശരഥ'ത്തിന് രണ്ടാംഭാഗം? സിബി മലയിലിന്‍റെ മറുപടി ഇങ്ങനെ ....

> **Lead Summary:** മലയാളി സിനിമാപ്രേമിക്ക് മറക്കാനാവാത്ത നിരവധി സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിബി മലയില്‍ ലോഹിതദാസ്. തനിയാവര്‍ത്തനം മുതല്‍ സാഗരം സാക്ഷി വരെ, ഏഴ് വര്‍ഷം കൊണ്ട് 14 ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ എത്തിയത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്‍തങ്ങളായ ചിത്രങ്ങള്‍.

## Article Content

മലയാളി സിനിമാപ്രേമിക്ക് മറക്കാനാവാത്ത നിരവധി സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിബി മലയില്‍ ലോഹിതദാസ്. തനിയാവര്‍ത്തനം മുതല്‍ സാഗരം സാക്ഷി വരെ, ഏഴ് വര്‍ഷം കൊണ്ട് 14 ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ എത്തിയത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്‍തങ്ങളായ ചിത്രങ്ങള്‍.

അതില്‍ പ്രേക്ഷകരുടെ ഇഷ്‍ടം ആവോളം നേടിയ ഒന്നായിരുന്നു മോഹന്‍ലാല്‍  നായകനായി 1989ല്‍ പുറത്തെത്തിയ ദശരഥം . വാടക ഗര്‍ഭധാരണം എന്ന ഗൗരവമുള്ള വിഷയത്തെക്കുറിച്ച് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ സംസാരിച്ച ചിത്രം.

ചിത്രത്തിലെ രാജീവ് മേനോന്‍ എന്ന കഥാപാത്രത്തിനും വാടക ഗര്‍ഭധാരണത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന മകനും പിന്നീട് എന്തു സംഭവിക്കുമെന്ന് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളിലൊക്കെ ചിലപ്പോഴൊക്കെ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു രണ്ടാംഭാഗം സിബി മലയില്‍ തന്നെ ആലോചിക്കുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ഇപ്പോഴിതാ അത്തരത്തിലൊരു പ്രോജക്റ്റ് സംഭവിക്കുമോ എന്ന ചോദ്യത്തിന് സിബി മലയില്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്. ദശരഥം സിനിമയുടെ രണ്ടാംഭാഗത്തിന്‍റെ തിരക്കഥ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സിബി മലയില്‍ പറയുന്നു.

> അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ കൊത്തിന്‍റെ രചയിതാവ് ഹേമന്ദ് കുമാര്‍ തന്നെയാണ് ഇതിന്‍റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. "ഞാനും ഹേമന്ദ് കുമാറുമായി ചര്‍ച്ച ചെയ്‍തശേഷം ആദ്യം തിരക്കഥ പൂര്‍ത്തിയാക്കിയത് ദശരഥം സിനിമയുടെ രണ്ടാംഭാഗമാണ്.

> അത് ലോഹിക്ക് ആദരാഞ്ജലിയായിക്കൂടി ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയാണ്. ഞങ്ങളുടെ കഥയില്‍ നെടുമുടി വേണുവിന് വലിയ പ്രാധാന്യമുള്ള വേഷമുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ വേണുച്ചേട്ടനും വലിയ ത്രില്ലിലായിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ വിയോഗം", സിബി മലയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/26133/the-second-part-of-dasaratha-this-is-the-answer-of-sibi-malayil)