---
title: "#pranavmohanlal | 'അച്ഛനെ കാണാൻ വന്നതാണ്...!' മോഹന്‍ലാലിനെ കാണാനെത്തിയ പ്രണവിനെ തടഞ്ഞ് സെക്യൂരിറ്റി; സംഭവം വിവരിച്ച് ആലപ്പി അഷ്‌റഫ്"
english_title: "#Security #stopped #Pranav #from #meeting #Mohanlal #AlleppeyAshraf #narrated #incident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/252908/security-stopped-pranav-from-meeting-mohanlal-alleppeyashraf-narrated-incident"
published_at: "2024-11-30T14:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ad67121a3f_lal.jpg"
keywords: []
---

# #pranavmohanlal | 'അച്ഛനെ കാണാൻ വന്നതാണ്...!' മോഹന്‍ലാലിനെ കാണാനെത്തിയ പ്രണവിനെ തടഞ്ഞ് സെക്യൂരിറ്റി; സംഭവം വിവരിച്ച് ആലപ്പി അഷ്‌റഫ്

> **Lead Summary:** **സെലി**ബ്രിറ്റി ലൈഫിൽ നിന്ന് മാറിനടന്ന് ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. ചുരുക്കം ചിത്രങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും പ്രണവിനുള്ള ആരാധകവൃന്ദം ഞെട്ടിക്കുന്നതാണ്.

## Article Content

**സെലി**ബ്രിറ്റി ലൈഫിൽ നിന്ന് മാറിനടന്ന് ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. ചുരുക്കം ചിത്രങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും പ്രണവിനുള്ള ആരാധകവൃന്ദം ഞെട്ടിക്കുന്നതാണ്.

സിനിമയുടെയും ജീവിതത്തിന്റെയും വെള്ളിവെളിച്ചത്തില്‍ നിന്നെല്ലാം അകന്ന് സാധാരണക്കാരനെ പോലെ പെരുമാറുകയും യാത്ര ചെയ്യുകയും ചെയ്യുന്ന പ്രണവിന്റെ ജീവിതം അസൂയയോടെയാണ് പലരും നോക്കിക്കാണുന്നത്.

ഇപ്പോഴിതാ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ സ്‌പെയിനിലെ സെറ്റില്‍ അച്ഛനെ കാണാനായി പ്രണവ് എത്തിയതും അദ്ദേഹത്തെ അകത്തുകടത്താതെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞുവെച്ചതുമായ സംഭവം വിവരിക്കുകയാണ് നിര്‍മാതാവും നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്.

'സ്‌പെയിനില്‍ ബറോസിന്റെ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് അച്ഛന്‍ മോഹന്‍ലാലിനെ കാണാന്‍ പ്രണവ് ഊബറില്‍ വന്നിറങ്ങുന്നു. പതിവുപോലെ വളരെ ലളിതമായ വേഷത്തിലായിരുന്നു പ്രണവ്. ഇതുകണ്ട സെക്യൂരിറ്റിക്കാരന്‍ പ്രണവിനെ തടഞ്ഞു.

ഷൂട്ടിങ് സ്ഥലത്തേക്ക് ആരെയും കടത്തിവിടരുതെന്ന് മോഹന്‍ലാലിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇക്കാരണത്താലാണ് സെക്യൂരിറ്റി പ്രണവിനെ തടഞ്ഞത്.

പ്രണവ് ആരാണെന്നും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ആരെ കാണാന്‍ വന്നതാണെന്ന സെക്യൂരിറ്റിയുടെ ചോദ്യത്തിന് അച്ഛനെ കാണാനാണ് വന്നതെന്നായിരുന്നു പ്രണവിന്റെ മറുപടി.

എന്നാല്‍ യാതൊരു കാരണവശാലും അകത്തുകയറാന്‍ സാധിക്കില്ലെന്ന് സെക്യൂരിറ്റി അദ്ദേഹത്തെ അറിയിച്ചു. തിരിച്ചൊന്നും പറയാതെ പ്രണവ് അവിടെ തന്നെ ചിരിച്ചുകൊണ്ട് നിലയുറപ്പിച്ചു.

ആരെയും കാണാന്‍ സാധിക്കില്ല, തിരിച്ചുപൊയ്‌ക്കോളൂ എന്ന് സെക്യൂരിറ്റി പറഞ്ഞിട്ടും പ്രണവ് അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. കുറേ അധികസമയം ഇങ്ങനെ നിന്നുകഴിഞ്ഞപ്പോള്‍ സംശയം തോന്നിയ സെക്യൂരിറ്റി, ഗേറ്റിന് പുറത്ത് അച്ഛനെ കാണണമെന്ന് പറഞ്ഞ് ഒരു പയ്യന്‍ വന്ന് നില്‍പ്പുണ്ടെന്ന് ഷൂട്ടിങ് സംഘത്തെ അറിയിച്ചു.

ഇവിടുത്തെ ആരുടെയെങ്കിലും മകനാണോ എന്ന് ഒന്ന് വന്നുനോക്കാനും പറഞ്ഞു. ഇതുകേട്ട് അന്ന് ഷൂട്ടിങ് സംഘത്തിലുണ്ടായിരുന്ന ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസന വന്ന് നോക്കുമ്പോഴാണ് അത് പ്രണവാണെന്ന് മനസിലായത്. പ്രണവ് ആരാണെന്ന് പറഞ്ഞപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പോലും ഞെട്ടിപ്പോയി.' - അഷ്‌റഫ് പറഞ്ഞു.

മോഹന്‍ലാലിന്റെ മകനെന്ന ആനുകൂല്യം പറ്റാന്‍ ഒരിക്കല്‍ പോലും പ്രണവ് ശ്രമിച്ചിട്ടില്ലെന്നും അഷ്‌റഫ് പറയുന്നു. പ്രണവിന്റെ വീട്ടില്‍ ആഡംബര കാറുകളുടെ ശേഖരം തന്നെയുണ്ട്. എന്നാലും പ്രണവ് യാത്ര ചെയ്യുന്നത് ബസിലും ട്രെയിനിലുമാണ്. ട്രെയിനില്‍ തന്നെ സ്ലീപ്പറിലും ജനറല്‍ കംപാര്‍ട്ട്‌മെന്റിലുമായിരിക്കും യാത്ര. ഒരു തുള്ളി മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിക്കാത്ത ആളാണ് പ്രണവെന്നും അഷ്‌റഫ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/252908/security-stopped-pranav-from-meeting-mohanlal-alleppeyashraf-narrated-incident)