---
title: "‘ആറാട്ട്' തിയറ്ററുകളിലേക്ക് എത്തുന്നു "
english_title: "Activists have now announced the release of the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/24945/activists-have-now-announced-the-release-of-the-film"
published_at: "2022-02-07T13:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200ce527c280_ARAATT.jpg"
keywords: []
---

# ‘ആറാട്ട്' തിയറ്ററുകളിലേക്ക് എത്തുന്നു 

> **Lead Summary:** മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'ആറാട്ട്' . ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ കൗതുകത്തോടും ആവേശത്തോടും ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിക്കുന്നത്.

## Article Content

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'ആറാട്ട്' . ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ കൗതുകത്തോടും ആവേശത്തോടും ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി 18ന് ആറാട്ട് തിയറ്ററുകളിൽ എത്തും. കഴിഞ്ഞ വർഷം ആദ്യം റിലീസ് ചെയ്ത ബിഗ് ബ്രദറിനു ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്.

റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകർ. കഴിഞ്ഞ വർഷം ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു.

ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉദയകൃഷ്‍ണയാണ്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/24945/activists-have-now-announced-the-release-of-the-film)