---
title: "#basiljoseph | കൈ കിട്ടിയില്ലെങ്കിലും കപ്പ്‌ കിട്ടി ഗയ്‌സ്....; ട്രോളുകൾക്കിടെ ബേസിലിൻ്റെ പോസ്റ്റ്, മറക്കാതെ കമൻ്റിട്ട് ടൊവിനോയും"
english_title: "#Guys #got #cup #even #though #they #didn't #get #hand #Basil #post #among #trolls #Tovino #also #commented "
publisher: "moviemax.in"
canonical_url: "https://moviemax.in/news/248925/guys-got-cup-even-though-they-didnt-get-hand-basil-post-among-trolls-tovino-also-commented"
published_at: "2024-11-12T22:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673384cb1125e_basil.jpg"
keywords: []
---

# #basiljoseph | കൈ കിട്ടിയില്ലെങ്കിലും കപ്പ്‌ കിട്ടി ഗയ്‌സ്....; ട്രോളുകൾക്കിടെ ബേസിലിൻ്റെ പോസ്റ്റ്, മറക്കാതെ കമൻ്റിട്ട് ടൊവിനോയും

> **Lead Summary:** **കഴി**ഞ്ഞദിവസം മുതല്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ ചുറ്റിപ്പറ്റിയായിരുന്നു സാമൂഹികമാധ്യമങ്ങളിലെ ട്രോളുകള്‍.

## Article Content

**കഴി**ഞ്ഞദിവസം മുതല്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ ചുറ്റിപ്പറ്റിയായിരുന്നു സാമൂഹികമാധ്യമങ്ങളിലെ ട്രോളുകള്‍.

കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് ഫുട്‌ബോളിന്റെ ഫൈനലിന്റെ സമാപനച്ചടങ്ങിനിടെ ഒരു താരത്തിനുനേരെ ബേസില്‍ ജോസഫ് കൈനീട്ടിയിട്ടും അത് കാണാതെ സമീപത്തുണ്ടായിരുന്ന നടന്‍ പൃഥ്വിരാജിന് താരം കൈകൊടുത്തതുമാണ് ട്രോളുകള്‍ക്കിടയാക്കിയത്. ഇതിന്റെ വീഡിയോയും ട്രോളുകളും കഴിഞ്ഞദിവസം മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു.

ശ്രീനിവാസനും മോഹല്‍ലാലും അഭിനയിച്ച 'അക്കരെ അക്കരെ അക്കരെ' സിനിമയിലെ മീമുകള്‍ക്കൊപ്പമാണ് ബേസിലിനും ട്രോളുകള്‍ കിട്ടിയത്. അതിനിടെ നേരത്തെ ടൊവിനോയ്ക്ക് സമാനസാഹചര്യമുണ്ടായപ്പോള്‍ ബേസില്‍ പൊട്ടിച്ചിരിച്ചതിന്റെ കര്‍മഫലമാണിതെന്നും സാമൂഹികമാധ്യമങ്ങളില്‍ കമന്റുകളുണ്ടായി.

സിനിമയുടെ പൂജയ്ക്കിടെ പൂജാരി ആരതി നല്‍കിയപ്പോള്‍ ടൊവിനോയെ കാണാതെ പൂജാരി കടന്നുപോയിരുന്നു. അന്ന് സമീപത്തുണ്ടായിരുന്ന ബേസില്‍ ജോസഫ് ടൊവിനോയെ നോക്കി പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ബേസിലിന് സംഭവിച്ച അക്കിടിയെ ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് പലരും ട്രോളിയത്.

എന്തായാലും ട്രോളുകള്‍ക്ക് പിന്നാലെ സൂപ്പര്‍ലീഗ് ഫൈനലില്‍ കാലിക്കറ്റ് എഫ്.സി. കപ്പടിച്ചതിന്റെ ആഹ്ലാദവും ട്രോളുകള്‍ക്കുള്ള മറുപടിയും പങ്കുവെച്ചിരിക്കുകയാണ് ബേസില്‍ ജോസഫ്.

കാലിക്കറ്റ് എഫ്.സി.യുടെ ബ്രാന്‍ഡ് അംബാസിഡറായ ബേസില്‍ ജോസഫ് ഫൈനല്‍ മത്സരത്തിലെ ചിത്രങ്ങളും കപ്പടിച്ച ടീമിന്റെ ചിത്രങ്ങളുമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

'കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്‌സ്' എന്നായിരുന്നു ബേസില്‍ പോസ്റ്റില്‍ കുറിച്ചത്. ഒപ്പംതന്നെ ട്രോളിയ സുഹൃത്തുക്കളായ ടൊവിനോ തോമസിനെയും സഞ്ജു സാംസണിനെയും നടന്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

എന്തായാലും ബേസിലിന്റെ ഈ പോസ്റ്റില്‍ 'കണ്‍ഗ്രാജുലേഷന്‍സ്' എന്നായിരുന്നു ടൊവിനോയുടെ കമന്റ്. ഈ കമന്റിന് മാത്രം 11000-ലേറെ ലൈക്കുകളാണ് കിട്ടിയത്. ഈ കമന്റല്ല തങ്ങള്‍ പ്രതീക്ഷിച്ചതെന്നും ചിലര്‍ ടൊവിനോയുടെ കമന്റിന് മറുപടിയായി പറയുകയുംചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/248925/guys-got-cup-even-though-they-didnt-get-hand-basil-post-among-trolls-tovino-also-commented)