---
title: "മൂന്ന് മില്യൺ കാഴ്ച്ചക്കാരുമായി 'ആറാട്ട്' ട്രെയിലർ"
english_title: "'Arat' trailer with three million viewers"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24699/arat-trailer-with-three-million-viewers"
published_at: "2022-02-06T06:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ff1a656806a_ARAATT.jpg"
keywords: []
---

# മൂന്ന് മില്യൺ കാഴ്ച്ചക്കാരുമായി 'ആറാട്ട്' ട്രെയിലർ

> **Lead Summary:** മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'ആറാട്ട്' . ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ കൗതുകത്തോടും ആവേശത്തോടും ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിക്കുന്നത്.

## Article Content

മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'ആറാട്ട്' . ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ കൗതുകത്തോടും ആവേശത്തോടും ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിക്കുന്നത്.

ഇപ്പോഴിതാ ട്രെയിലർ യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളിൽ മൂന്ന് മില്യൺ കാഴ്ച്ചക്കാരെയും ട്രെയിലർ സ്വന്തമാക്കി. പഞ്ച് ഡയലോഗുകളും ഫൈറ്റ് സീക്വന്‍സുകളും നിറഞ്ഞതാണ് ട്രെയിലർ. മികച്ചൊരു മാസ് എന്റർടെയ്നർ ആകും ആറാട്ടെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉദയകൃഷ്‍ണയാണ്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

കഴിഞ്ഞ വർഷം ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു.

ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/24699/arat-trailer-with-three-million-viewers)