---
title: "'ഹൃദയം';  'പൊട്ടുതൊട്ട പൗര്‍ണ്ണമി' വീഡിയോ ഗാനം പുറത്തുവിട്ടു "
english_title: "'hridhayamt'; The video song 'Pottuthotta Pournami' has been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24574/hridhayamt-the-video-song-pottuthotta-pournami-has-been-released"
published_at: "2022-02-05T11:14:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe0f2562f91_hridayam.jpg"
keywords: []
---

# 'ഹൃദയം';  'പൊട്ടുതൊട്ട പൗര്‍ണ്ണമി' വീഡിയോ ഗാനം പുറത്തുവിട്ടു 

> **Lead Summary:** പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രിനിവാസന്‍ സംവിധാനം ചെയ്‍ത ഹൃദയത്തിലെ പുതിയ വീഡിയോഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. കൈതപ്രം രചന നിര്‍വ്വഹിച്ച് സച്ചിന്‍ ബാലുവും മേഘ ജോസ്‍കുട്ടിയും ആലപിച്ച 'പൊട്ടുതൊട്ട പൗര്‍ണ്ണമി' എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

## Article Content

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രിനിവാസന്‍ സംവിധാനം ചെയ്‍ത ഹൃദയത്തിലെ പുതിയ വീഡിയോഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. കൈതപ്രം രചന നിര്‍വ്വഹിച്ച് സച്ചിന്‍ ബാലുവും മേഘ ജോസ്‍കുട്ടിയും ആലപിച്ച 'പൊട്ടുതൊട്ട പൗര്‍ണ്ണമി' എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

ആകെ 15 ഗാനങ്ങളുള്ള ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. രണ്ട് നായികമാരാണ് ചിത്രത്തില്‍. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. ഇതില്‍ കല്യാണി പ്രിയദര്‍ശനൊപ്പമുള്ള പ്രണവിന്‍റെ കോമ്പിനേഷന്‍ വരുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തിനു ശേഷം ഒരിടവേളയ്ക്കു ശേഷം വിനീത് ശ്രീനിവാസന്‍റേതായി പുറത്തെത്തുന്ന ചിത്രം എന്ന നിലയ്ക്ക് വലിയ പ്രേക്ഷകപ്രതീക്ഷയിലേക്ക് റിലീസ് ചെയ്യപ്പെട്ട ചിത്രമാണ് ഹൃദയം. കൊവിഡ് പശ്ചാത്തലത്തിലും റിലീസ് മാറ്റിവെക്കാതെ ജനുവരി 21നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും അഞ്ചോളം ജില്ലകള്‍ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ലാത്ത സി കാറ്റഗറിയിലേക്ക് എത്തിയതോടെ കളക്ഷനെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ സര്‍ക്കാരിന്‍റെ പുതിയ വിലയിരുത്തല്‍ അനുസരിച്ച് സി കാറ്റഗറിയില്‍ ഒരു ജില്ലയും ഇല്ലാതായതോടെ കേരളത്തില്‍ എല്ലാ സെന്‍ററുകളിലും ഹൃദയത്തിന് ഇന്നു മുതല്‍ പ്രദര്‍ശനമുണ്ട്.

പ്രണവ് മോഹന്‍ലാലിനും കരിയര്‍ ബ്രേക്ക് ആവുകയാണ് ചിത്രം. അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്‍റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിത ഘട്ടങ്ങളാണ് സംഗീതത്തിന്‍റെ അകമ്പടിയോടെ വിനീത് സ്ക്രീനില്‍ എത്തിച്ചത്. നിരവധി പുതുമുഖങ്ങളെയും വിനീത് ചിത്രത്തില്‍ അണിനിരത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/24574/hridhayamt-the-video-song-pottuthotta-pournami-has-been-released)