---
title: "'ആർക്കറിയാം' സിനിമയിലെ സുന്ദരനെ അറിയാമോ?"
english_title: "Do you know the sundaran character in the movie 'Who Knows'?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2447/do-you-know-the-sundaran-character-in-the-movie-who-knows"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a8928315fc0_rahul.jpg"
keywords: []
---

# 'ആർക്കറിയാം' സിനിമയിലെ സുന്ദരനെ അറിയാമോ?

> **Lead Summary:** ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവതി തിരുവോത്ത് എന്നിവരുടെ പ്രകടനം കൊണ്ട് ചർച്ചയായി മാറിയ സിനിമയാണ് 'ആർക്കറിയാം'.കോലാഹലങ്ങലോ ഒച്ചപ്പടോ ഇല്ലാതെ ഉള്ള ചിത്രമാണ് ആര്‍ക്കറിയാം.72കാരനായ ഇട്ടിയവിര എന്ന കഥാപാത്രമായി ശ്രദ്ധേയ വേഷപ്പകർച്ചയാണ് ചിത്രത്തിൽ ബിജു മേനോൻ നടത്തിയിരിക്കുന്നത്. തീയേറ്റര്‍ റിലീസിന് ശേഷം ചിത്രം അടുത്തിടെയാണ് ഒടിടി റിലീസായെത്തിയത്.

## Article Content

ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവതി തിരുവോത്ത് എന്നിവരുടെ പ്രകടനം കൊണ്ട് ചർച്ചയായി മാറിയ സിനിമയാണ് 'ആർക്കറിയാം'.കോലാഹലങ്ങലോ ഒച്ചപ്പടോ ഇല്ലാതെ ഉള്ള ചിത്രമാണ് ആര്‍ക്കറിയാം.72കാരനായ ഇട്ടിയവിര എന്ന കഥാപാത്രമായി ശ്രദ്ധേയ വേഷപ്പകർച്ചയാണ് ചിത്രത്തിൽ ബിജു മേനോൻ നടത്തിയിരിക്കുന്നത്. തീയേറ്റര്‍ റിലീസിന് ശേഷം ചിത്രം അടുത്തിടെയാണ് ഒടിടി റിലീസായെത്തിയത്.

സിനിമയിൽ സുന്ദരൻ എന്നൊരു മർമ്മപ്രധാനമായ കഥാപാത്രമുണ്ട്. ഭിന്നശേഷിക്കാരനായ, സംസാര വൈകല്യമുള്ള ഒരു കുട്ടിയാണ് സുന്ദരൻ. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ബിജുമേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോടൊപ്പം സഞ്ചരിക്കുന്ന കഥാപാത്രമാണിത്. ചിത്രത്തിൽ സുന്ദരൻ എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വൈപ്പിൻ അയ്യമ്പിള്ളി സ്വദേശിയായ രാഹുൽ രഘുവാണ്. ഒടിടി റിലീസിന് ശേഷം ബിജു മേനോൻ അവിസ്മരണീയമാക്കിയ ഇട്ടിയവിര എന്ന കഥാപാത്രത്തോടൊപ്പം സുന്ദരൻ എന്ന കഥാപാത്രത്തെ കുറിച്ചും സിനിമാഗ്രൂപ്പുകളിലുൾപ്പെടെ പലരും കുറിപ്പ് പങ്കുവയ്ക്കുന്നുണ്ട്.

കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നാം വര്‍ഷ ചലച്ചിത്ര വിദ്യാർഥിയായ രാഹുൽ ഇതിനകം അഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2016 ൽ തൃശ്ശിവപേരൂർ ക്ലിപ്തം എന്ന സിനിമയിൽ അലാവുദ്ദിൻ എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. 2019 ൽ ഇറങ്ങിയ സകലകലാശാല എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നാം എന്ന സിനിമയിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

അതിനു പിന്നാലെയാണിപ്പോള്‍ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ആർക്കറിയാം എന്ന സിനിമയിൽ സുന്ദരൻ എന്ന ശ്രദ്ധേയ വേഷം ചെയ്തത്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്‍ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന പത്രോസിന്‍റെ പടപ്പുകള്‍ എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2447/do-you-know-the-sundaran-character-in-the-movie-who-knows)