---
title: "സീരിയല്‍ കിസ്സറെ ചുംബിച്ചത് അരോചകം; നര്‍ഗിസ്   "
english_title: "Kissing serial kisser is disgusting; Nargis"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24444/kissing-serial-kisser-is-disgusting-nargis"
published_at: "2022-02-04T15:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcff842eb5a_naargi.jpg"
keywords: []
---

# സീരിയല്‍ കിസ്സറെ ചുംബിച്ചത് അരോചകം; നര്‍ഗിസ്   

> **Lead Summary:** ബോളിവുഡിലെ മുന്‍ നിര നായകന്‍മാരില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മി. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ഇമ്രാന്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള താരമാണ്. പക്ഷെ ഇമ്രാന്‍ ഹാഷ്മി എന്ന പേര് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസിലേക്ക് എത്തുന്നത് ചുംബന രംഗങ്ങളായിരിക്കും.

## Article Content

ബോളിവുഡിലെ മുന്‍ നിര നായകന്‍മാരില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മി. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ഇമ്രാന്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള താരമാണ്. പക്ഷെ ഇമ്രാന്‍ ഹാഷ്മി എന്ന പേര് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസിലേക്ക് എത്തുന്നത് ചുംബന രംഗങ്ങളായിരിക്കും.

ബോളിവുഡിലെ സീരിയല്‍ കിസ്സര്‍ എന്നാണ് ഇമ്രാന്‍ ഹാഷ്മി അറിയപ്പെടുന്നത് തന്നെ. ഇമ്രാന്റെ സിനിമകളില്‍ ഒഴിച്ചു കൂടാനാകാത്തതാണ് ചുംബന രംഗങ്ങള്‍. എന്നാല്‍ ഇമ്രാനൊപ്പം ചുംബനം രംഗം ചെയ്യാന്‍ പാടുപെട്ടൊരു നടിയുമുണ്ട്. നര്‍ഗിസ് ഫഖ്രിയാണ് ആ താരം.

രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നിര്‍ഗിസിന്റെ ബോളിവുഡ് അരങ്ങേറ്റം. നര്‍ഗിസും ഇമ്രാന്‍ ഹാഷ്മിയും ഒരുമിച്ച ചിത്രമായിരുന്നു അസര്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്‌റുദ്ദീന്റെ ജീവിത കഥ പറഞ്ഞ സിനിമയായിരുന്നു അസര്‍.

ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പം നായികമാരായി എത്തിയത് നര്‍ഗിസ് ഫഖ്രിയും പ്രാചി ദേശായിയുമായിരുന്നു. ചിത്രത്തില്‍ നിന്നുമുള്ള നര്‍ഗിസിന്റേയും ഇമ്രാന്‍ ഹാഷ്മിയുടേയും ചുംബന രംഗം ഏറെ ചര്‍ച്ചയായി മാറിയിരുന്നു. 

എന്നാല്‍ ആ രംഗത്തെക്കുറിച്ച് അത്ര സുഖകരമായ ഓര്‍മ്മകളല്ല നര്‍ഗിസിനുള്ളത്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിലാണ് നര്‍ഗിസ് തുറന്ന് പറഞ്ഞത്. 2016 ലായിരന്നു സിനിമയുടെ റിലീസ്. ചിത്രത്തില്‍ അസര്‍ ആയി മാറുന്നതിന്റെ ഭാഗമായി ഇമ്രാന്‍ മീശ വച്ചിരുന്നു.

വെപ്പ് മീശയായിരുന്നു താരം ഉപയോഗിച്ചിരുന്നത്. ഈ മീശയാണ് നര്‍ഗിസിന് ചിത്രീകരണത്തിനിടെ ബുദ്ധിമുട്ടുണ്ടാക്കിയത്. അരോചകം എന്നായിരുന്നു ചുംബന രംഗത്തെക്കുറിച്ച് പിന്നീടൊരു അഭിമുഖത്തില്‍ നര്‍ഗിസ് പറഞ്ഞത്. 

''അദ്ദേഹം ഇത് ഒരുപാട് ചെയ്തിട്ടുള്ളയാളാണ്. പക്ഷെ എനിക്കത് അരോചകമായാണ് തോന്നിയത്. (ചിത്രത്തിന്റെ പോസ്റ്റര്‍ ചൂണ്ടി കാണിച്ചു കൊണ്ട്) നിങ്ങള്‍ ആ മീശ കണ്ടില്ലേ, പ്യുബിക് ഹെയര്‍ കൊണ്ടല്ല ആ മീശയുണ്ടാക്കിയതെന്ന് എങ്ങനെ പറയാനാകും? എനിക്കതിനെ ചുംബിക്കേണ്ടി വന്നു. ഒന്നല്ല, പലവട്ടം. ആ മീശ വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു'' എന്നാണ് ചിരിച്ചു കൊണ്ട് നര്‍ഗിസ് പറഞ്ഞത്. 

ചിത്രത്തില്‍ അസറിന്റെ രണ്ടാമത്തെ ഭാര്യയും സിനിമാ താരവുമായ സംഗീത ബിജ്‌ലാനിയുടെ വേഷമായിരുന്നു നര്‍ഗിസ് അവതരിപ്പിച്ചത്. നേരത്തെ ഈ വേഷം കരീന കപൂറിനായിരുന്നു ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ കരീന വേഷം നിരസിച്ചതോടെ അണിയറ പ്രവര്‍ത്തകര്‍ നര്‍ഗിസിനെ സമീപിക്കുകയായിരുന്നു. ''എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു.

ഞാന്‍ ഇവിടുത്തുകാരി അല്ലാത്തതിനാല്‍ എനിക്ക് വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അസര്‍ ആരാണെന്ന് എനിക്കറിയില്ല. അയാള്‍ എന്താണ് ചെയ്തിട്ടുള്ളതെന്നും അറിയില്ല. എന്റെ കഥാപാത്രം നന്നായി അവതരിപ്പിക്കാനാകുമെന്ന് കരുതിയാണ് സമ്മതിച്ചത്. ബിജ്‌ലാനിയുടെ മുന്‍ സിനിമകള്‍ കണ്ടും മറ്റും, എന്നാല്‍ സാധിക്കും വിധം നന്നായി തന്നെ ഞാന്‍ അവരെ അവതരിപ്പിച്ചുണ്ടെന്നാണ് കരുതുന്നത്'' എന്നും നര്‍ഗിസ് പറഞ്ഞു. 

പിന്നീട് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലും ചുംബന രംഗങ്ങള്‍ തനിക്കുണ്ടാക്കിയ അസ്വസ്ഥതയെക്കുറിച്ച് നര്‍ഗിസ് തുറന്ന് പറഞ്ഞിരുന്നു. ''അദ്ദേഹം ആസ്വദിച്ചത് പോലെ പാട്ട് രംഗങ്ങള്‍ എനിക്ക് ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല. ഒരുപാട് ചുംബനങ്ങളുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ഇതൊക്കെ റീ ടേക്കുകളാണോ അതോ ആരോ എന്നെ പറ്റിക്കുകയാണോ എന്നു പോലും എനിക്ക് മനസിലായിരുന്നില്ല'' എന്നായിരുന്നു നര്‍ഗിസ് പറഞ്ഞത്.

അതേസമയം ചിത്രത്തിന്റെ റിലീസ് വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. അസറിനെ വെള്ളപൂശാനുള്ള ശ്രമമെന്ന നിലയിലായിരുന്നു വിമര്‍ശനങ്ങള്‍. തന്നെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് സംഗീത ബിജ്‌ലാനിയും രംഗത്ത് എത്തിയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/24444/kissing-serial-kisser-is-disgusting-nargis)