---
title: "നാളെ സൂര്യനുദിക്കുന്നത് അല്പം ഇടത്തോട്ട് ചെരിഞ്ഞ്, മീശ പിരിച്ചായിരിക്കും ലാലേട്ടന് ആശംസകളുമായി  ഷാജി കൈലാസ് "
english_title: "Shaji Kailas greets Lalettan "
publisher: "moviemax.in"
canonical_url: "https://moviemax.in/news/2437/shaji-kailas-greets-lalettan"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a74301116fa_shaji.jpg"
keywords: []
---

# നാളെ സൂര്യനുദിക്കുന്നത് അല്പം ഇടത്തോട്ട് ചെരിഞ്ഞ്, മീശ പിരിച്ചായിരിക്കും ലാലേട്ടന് ആശംസകളുമായി  ഷാജി കൈലാസ് 

> **Lead Summary:** മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് ടീം. മാസ് ആക്ഷന്‍ ചിത്രങ്ങള്‍ അടക്കം ഈ കൂട്ടുകെട്ടില്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നു. ആറാം തമ്പുരാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ആദ്യമായി പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന ചിത്രമാണ് ആറാം തമ്പുരാന്‍.

## Article Content

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് ടീം. മാസ് ആക്ഷന്‍ ചിത്രങ്ങള്‍ അടക്കം ഈ കൂട്ടുകെട്ടില്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നു. ആറാം തമ്പുരാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ആദ്യമായി പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന ചിത്രമാണ് ആറാം തമ്പുരാന്‍.

ആറാം തമ്പുരാന് പുറമെ നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബ കല്യാണി, അലി ഭായ്, റെഡ് ചില്ലീസ് എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. അതേസമയം ലാലേട്ടന്‌റെ പിറന്നാള്‍ ദിനത്തില്‍ ഷാജി കൈലാസിന്‌റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

രണ്ടാം കോവിഡ് തരംഗം സജീവമായി നില്‍ക്കുന്ന സമയത്താണ് മോഹന്‍ലാലിന്റെ ജന്മദിനം വരുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് വാട്‌സാപ്പില്‍ വന്ന ഒരു സന്ദേശത്തില്‍ ഈ സമയത്ത് കണ്ടാസ്വദിക്കാനുള്ള 100 മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റ് ഉണ്ടായിരുന്നു. വെറുതെ ആ ചിത്രങ്ങളുടെ പേരുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ആ മഹാനടന്‍ ചെയ്തു വെച്ചിരിക്കുന്ന അഭിനയ വൈവിധ്യത്തിന്റെ വലിയ ശേഖരം കണ്ട് ഞെട്ടിയത്, ഷാജി കെെലാസ് പറയുന്നു. ഒരു നടന്‍ എന്ന നിലയില്‍ ഇനി എന്താണ് മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിക്കേണ്ടത് എന്ന സംശയം പണ്ടും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എപ്പോഴൊക്കെ അങ്ങനെ തോന്നിയിട്ടുണ്ടോ അടുത്ത നിമിഷം പുതിയൊരു ചിത്രത്തില്‍ പുതിയൊരു ഭാവവുമായി വന്ന് ഈ നടന്‍ നമ്മെ വിസ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സുഹൃത്ത്, സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു സംവിധായകന്‍ എന്ന നിലയില്‍ കൂടി ഞാനറിഞ്ഞ മോഹന്‍ലാല്‍ സ്വയം നവീകരിക്കാനുള്ള വെല്ലുവിളിയായും എനിക്ക് മുമ്പില്‍ ഉയര്‍ന്ന് നില്‍ക്കുന്നു. ഫാന്‍സുകാര്‍ ഇട്ട കമന്റ് നൂറ് ശതമാനം ശരിയാണ്. നാളെ സൂര്യനുദിക്കുന്നത് അല്പം ഇടത്തോട്ട് ചെരിഞ്ഞ്, മീശ പിരിച്ചായിരിക്കും. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍, ഷാജി കൈലാസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2437/shaji-kailas-greets-lalettan)