---
title: "ദിവസം ഒരു നേരം മാത്രം ഭക്ഷണം; മനസ്സ് തുറന്ന് സാമന്ത "
english_title: "Food only once a day; Samantha opened her mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24181/food-only-once-a-day-samantha-opened-her-mind"
published_at: "2022-02-03T11:56:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb75dd59733_SAMANTHA.jpg"
keywords: []
---

# ദിവസം ഒരു നേരം മാത്രം ഭക്ഷണം; മനസ്സ് തുറന്ന് സാമന്ത 

> **Lead Summary:** തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. നിരവധി ആരാധകർ ഉള്ള താരമാണ് സമാന്ത. താരത്തിന്റെ സിനിമകൾ കാണാൻ പ്രേക്ഷകർക്ക് വളരെ ആകാംക്ഷയാണ് . ഇപ്പോഴിതാ സമാന്ത ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈയ്യടുത്തിറങ്ങിയ ദ ഫാമിലി മാന്‍ സീസണ്‍ ടുവിലൂടെയാണ് സമാന്ത ഹിന്ദിയിലും ശ്രദ്ധ നേടിയത്. സീരീസിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് സമാന്ത കയ്യടി നേടിയിരുന്നു.

## Article Content

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. നിരവധി ആരാധകർ ഉള്ള താരമാണ് സമാന്ത. താരത്തിന്റെ സിനിമകൾ കാണാൻ പ്രേക്ഷകർക്ക് വളരെ ആകാംക്ഷയാണ് . ഇപ്പോഴിതാ സമാന്ത ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈയ്യടുത്തിറങ്ങിയ ദ ഫാമിലി മാന്‍ സീസണ്‍ ടുവിലൂടെയാണ് സമാന്ത ഹിന്ദിയിലും ശ്രദ്ധ നേടിയത്. സീരീസിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് സമാന്ത കയ്യടി നേടിയിരുന്നു.

പിന്നാലെയാണ് താരത്തെ തേടി ബോളിവുഡില്‍ നിന്നും നിരവധി ഓഫറുകളെത്തുന്നത്. ബോളിവുഡ് ചിത്രങ്ങളുടെ കഥ കേള്‍ക്കുകയാണ് താന്‍ എന്നാണ് സമാന്ത അറിയിച്ചിരിക്കുന്നത്. പുഷ്പയിലെ സമാന്തയുടെ ഡാന്‍സ് നമ്പറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

താരകുടംബത്തില്‍ നിന്നുമല്ല സമാന്ത സിനിമയിലെത്തുന്നത്. അതുകൊണ്ട് തന്നെ കരിയറിലെ ഓരോ ചുവടുവെപ്പും സമാന്തയെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞ ഒന്നായിരുന്നു. മോഡലിംഗിലൂടെയായിരുന്നു സമാന്ത തന്റെ കരിയര്‍ ആരംഭിച്ചത്. പഠിക്കുന്ന കാലത്തായിരുന്നു സമാന്ത മോഡലിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സമാന്തയെ സംബന്ധിച്ച് മോഡലിംഗ് എന്നത് തന്റെ പഠന ചിലവുകള്‍ക്കും മറ്റും പണം കണ്ടെത്താനുള്ള മാര്‍ഗ്ഗം കൂടിയായിരുന്നു. മോഡലിംഗിലൂടെ സിനിമയിലെത്തിയ സമാന്തയുടെ ആദ്യ സിനിമ ഗൗതം വാസുദേവ് മോനോന്റെ യേ മായ ചേസാവെയായിരുന്നു. ചിത്രത്തിലെ നായകന്‍ നാഗ ചൈതന്യയായിരുന്നു. വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായിരുന്നു ചിത്രം. 

ഒരിക്കല്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് സമാന്ത തന്നെ മനസ് തുറന്നിരുന്നു. ''അധികം വര്‍ഷങ്ങള്‍ മുമ്പൊന്നുമല്ല, ഞാന്‍ നിങ്ങളെ പോലൊരാളായിരുന്നു. നിങ്ങളെല്ലാവരും കൂടുതല്‍ പ്രശസ്തരും പണക്കാരും കരുത്തരും ആകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ആത്മാര്‍ത്ഥമായി തന്നെ ഞാനത് നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസിക്കുന്നുണ്ട്. കാരണം അത് സാധ്യമാണെന്നത് കൊണ്ട് തന്നെ.

പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയും എന്നോട് പറഞ്ഞിരുന്നത് പഠിക്ക് പഠിക്ക് എന്നാലേ വലിയ ആളാന്‍ പറ്റൂ എന്നായിരുന്നു. നിങ്ങളെ ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. എന്നാലും ഞാന്‍ നന്നായി പഠിച്ചു. കോളേജിലെ ടോപ്പര്‍ ആയി. പക്ഷെ തുടര്‍ പഠനത്തിനുള്ള പണം എന്റെ മാതാപിതാക്കളുടെ പക്കലുണ്ടായിരുന്നില്ല. എനിക്കൊരു സ്വപ്‌നമോ ഭാവിയോ ഒന്നുമുണ്ടായിരുന്നില്ല'' സമാന്ത പറയുന്നു.

''ഞാന്‍ പറയുന്നത് എന്താണെന്ന് വച്ചാല്‍, നിങ്ങളുടെ മാതാപിതാക്കളോ മറ്റോ നിങ്ങള്‍ തിരഞ്ഞെടുക്കുമെന്ന് കരുതുന്നൊരു പാതയുണ്ടാകാം. പക്ഷെ ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ഒരു സ്വപ്‌നമുണ്ടാകണം. അത് എന്ത് തന്നെയാണെങ്കിലും നിങ്ങളത് നേടണം എന്നാണ്'' എന്നായിരുന്നു പെണ്‍കുട്ടികളുമായി നടത്തിയ ഇന്ററാക്ഷനില്‍ സമാന്ത അന്ന് പറഞ്ഞത്.

പിന്നാലെ താന്‍ തുടക്കകാലത്ത് ഒരു നേരം മാത്രം ഭക്ഷണം കഴിച്ചും, പല തരത്തിലുള്ള ജോലികള്‍ ചെയ്തും ഏറെ നാള്‍ കഷ്ടപ്പെട്ടതിനെക്കുറിച്ചും സമാന്ത മനസ് തുറന്നു. ഈ സമയത്തായിരുന്നു സമാന്ത മോഡിലിംഗ് പാര്‍ട്ട് ടൈം ആയി ചെയ്യാന്‍ തുടങ്ങുന്നത്. ആ വഴി പക്ഷെ സമാന്തയുടെ ജീവിതം മാറ്റി മറിക്കുന്നതായിരുന്നു. 

ഇന്ന് സമാന്ത തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ്. ഫാമിലി മാനിലെ സമാന്തയുടെ പ്രകടനം താരത്തിന് ഒരുപാട് പ്രശംസ നേടിക്കൊടുത്തിരുന്നു. പിന്നാലെ താന്‍ ബോളിവുഡില്‍ സാന്നിധ്യം അറിയിക്കാന്‍ തീരുമാനിച്ചതായാണ് സമാന്ത പറയുന്നത്. ഇതിന്റെ ഭാഗമായി കഥകള്‍ കേള്‍ക്കുകയാണ് സമാന്ത ഇപ്പോള്‍. ബോളിവുഡ് താരം താപ്‌സി പന്നു നിര്‍മ്മിക്കുന്ന, സ്ത്രീകേന്ദ്രീകൃതമായൊരു സിനിമയ്ക്കായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് ഇപ്പോള്‍.

ഇതിനിടെ സമാന്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചില വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. താരത്തിന് മറ്റൊരു പ്രണയമുണ്ടെന്നടക്കം പ്രചരണങ്ങളുണ്ടായിരുന്നു. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ സമാന്ത തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/24181/food-only-once-a-day-samantha-opened-her-mind)