---
title: "നാടിനെ ദുരന്തത്തിൽനിന്നു രക്ഷിച്ച ഷാജി പാപ്പനെ അഭിനന്ദിച്ച് ജയസൂര്യ"
english_title: "Jayasurya lauds Shaji Pappan for saving Nadu from disaster"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24083/jayasurya-lauds-shaji-pappan-for-saving-nadu-from-disaster"
published_at: "2022-02-02T19:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa9447ea5ad_jayasurya.jpg"
keywords: []
---

# നാടിനെ ദുരന്തത്തിൽനിന്നു രക്ഷിച്ച ഷാജി പാപ്പനെ അഭിനന്ദിച്ച് ജയസൂര്യ

> **Lead Summary:** **നാ**ടിനെ ദുരന്തത്തിൽനിന്നു രക്ഷിച്ച ഷാജി പാപ്പനെ അഭിനന്ദിച്ച് ജയസൂര്യ. ‘ആട്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരുള്ള ഷാജി പാപ്പൻ എന്ന ഷാജി വർഗീസ് കഴിഞ്ഞദിവസം കോടഞ്ചേരി ടൗണിൽ വൈക്കോൽ കയറ്റി വന്ന ലോറി തീ പിടിച്ചപ്പോൾ അതിസാഹസികമായി ദുരന്തം ഒഴിവാക്കുകയായിരുന്നു.

## Article Content

**നാ**ടിനെ ദുരന്തത്തിൽനിന്നു രക്ഷിച്ച ഷാജി പാപ്പനെ അഭിനന്ദിച്ച് ജയസൂര്യ. ‘ആട്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരുള്ള ഷാജി പാപ്പൻ എന്ന ഷാജി വർഗീസ് കഴിഞ്ഞദിവസം കോടഞ്ചേരി ടൗണിൽ വൈക്കോൽ കയറ്റി വന്ന ലോറി തീ പിടിച്ചപ്പോൾ അതിസാഹസികമായി ദുരന്തം ഒഴിവാക്കുകയായിരുന്നു.

തീ പിടിച്ച ലോറിയുടെ നിയന്ത്രണം ഏറ്റെടുത്ത് സമീപത്തെ സ്കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ ജയസൂര്യ ഷാജിയെ വോയിസ് മെസ്സേജിലൂടെ അഭിനന്ദിക്കുകയും ഉടനെ തന്നെ നേരിട്ട് കാണാമെന്നു പറയുകയും ചെയ്തു.

‘ആട്’ സിനിമയിലെ ജയസൂര്യയുടെ നായക കഥാപാത്രവുമായി ഏറെ സാമ്യമുള്ള ഷാജി വർഗീസിനെ ആ സിനിമയ്ക്കു ശേഷം എല്ലാവരും ‘ഷാജി പാപ്പൻ’ എന്നാണ് വിളിക്കുന്നത്. ‘ആട്’ സിനിമയിലെ കഥാപാത്രത്തെ പോലെ കോടഞ്ചേരിയിലെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനും പരോപകാരിയും ആയ ഷാജി വർഗീസിന് സന്തോഷത്തിന്റെ നിമിഷം ആണിപ്പോൾ.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ജയസൂര്യയുടെ വോയ്സ് മെസേജ് കണ്ടപ്പോൾ യഥാർഥത്തിൽ ഞെട്ടിപ്പോയെന്ന് ഷാജി പറഞ്ഞു. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണപ്പോൾ. ജയസൂര്യയെ നേരിട്ടു കാണണമെന്നുണ്ട്. ജയസൂര്യയുടെ വോയ്സ് മെസേജ് കേട്ട ഭാര്യയും മക്കളും കൂട്ടുകാരുമെല്ലാം വളരെ സന്തോഷത്തിലാണെന്നും ഷാജി വർഗീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/24083/jayasurya-lauds-shaji-pappan-for-saving-nadu-from-disaster)