---
title: "#siddique |  'നിങ്ങൾ ചെയ്തതിനുള്ളത് നിങ്ങൾക്ക് തിരിച്ചുകിട്ടും'; ഫേസ്ബുക്ക് പോസ്റ്റുമായി സിദ്ദിഖിനെതിരെ പരാതി നൽകിയ നടി"
english_title: "#'What #you #have #done #shall #be #repaid #you #Filed #complaint #against #Siddique #with #Facebook #post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/237767/what-you-have-done-shall-be-repaid-you-filed-complaint-against-siddique-with-facebook-post"
published_at: "2024-09-24T17:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2a5480d22b_sidiqque.jpg"
keywords: []
---

# #siddique |  'നിങ്ങൾ ചെയ്തതിനുള്ളത് നിങ്ങൾക്ക് തിരിച്ചുകിട്ടും'; ഫേസ്ബുക്ക് പോസ്റ്റുമായി സിദ്ദിഖിനെതിരെ പരാതി നൽകിയ നടി

> **Lead Summary:** പീഡനപരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പരാതിക്കാരിയായ നടി.

## Article Content

പീഡനപരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പരാതിക്കാരിയായ നടി.

'ജീവിതം ഒരു ബൂമറാങ് ആണ്, നിങ്ങൾ ചെയ്തതിനുള്ളത് തിരിച്ചുകിട്ടും'- എന്നാണ് നടിയുടെ പ്രതികരണം. മസ്‌കറ്റ് ഹോട്ടലിൽവച്ച് നടൻ സിദ്ദിഖ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

സിദ്ദിഖിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ഇതിനു പിന്നാലെ, നടനെ ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം നൽകി. സുപ്രിംകോടതിയെ സമീപിക്കുംമുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശം.

സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. എന്നാൽ അന്വേഷണ സംഘത്തിന് ഇതുവരെ സിദ്ദിഖുമായി ബന്ധപ്പെടാനായിട്ടില്ല.

എറണാകുളത്തെ ഇരു വീടുകളിലും നടൻ ഇല്ല. നടനായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. കൊച്ചി സിറ്റി പൊലീസിൻ്റെ ഒരു സംഘം കൊച്ചിയിലും മറ്റൊരു സംഘം റൂറൽ മേഖലകളിലുമാണ് അന്വേഷണം നടത്തുന്നത്.

ഇന്നലെ സിദ്ദിഖ് വീട്ടിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നെടുമ്പാശ്ശേരിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാണ്. സിദ്ദിഖ് ഇവിടെയുള്ള രണ്ട് ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/237767/what-you-have-done-shall-be-repaid-you-filed-complaint-against-siddique-with-facebook-post)