---
title: "സ്വപ്‌നങ്ങളെ പിന്തുടരുന്ന ഒരാളല്ല താന്‍ ;എവിടെയൊക്കെയോ തളര്‍ന്നുപോകാതെ ഏതൊക്കെയോ ശക്തികള്‍ കാത്തിട്ടുണ്ട്: മഞ്ജുവാര്യര്‍"
english_title: "Some forces are waiting somewhere without getting tired: Manju Warrier"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2374/some-forces-are-waiting-somewhere-without-getting-tired-manju-warrier"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/609e08c3c580e_manju vryar.jpg"
keywords: []
---

# സ്വപ്‌നങ്ങളെ പിന്തുടരുന്ന ഒരാളല്ല താന്‍ ;എവിടെയൊക്കെയോ തളര്‍ന്നുപോകാതെ ഏതൊക്കെയോ ശക്തികള്‍ കാത്തിട്ടുണ്ട്: മഞ്ജുവാര്യര്‍

> **Lead Summary:** സ്വപ്‌നങ്ങളെ പിന്തുടരുന്ന ഒരാളല്ല താനെന്നും ഒന്നും നേരത്തെ പ്ലാന്‍ ചെയ്തിട്ടോ ഇങ്ങനെ ചെയ്താല്‍ അതിന് മറ്റൊരു ഗുണം ഉണ്ടാവുമെന്ന് മുന്‍കൂട്ടി ചിന്തിച്ചിട്ടോ തനിക്കൊന്നും ജീവിതത്തില്‍ ചെയ്യാന്‍ പറ്റിയിട്ടില്ലെന്നും നടി മഞ്ജു വാര്യര്‍. അതൊരു പക്ഷേ തന്റെ കുറവായിരിക്കാമെന്നും പക്ഷേ എവിടെയൊക്കെയോ തളര്‍ന്നു പോകാതെ ഏതൊക്കെയോ ശക്തികള്‍ തന്നെ കാത്തിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ ഗൃഹലക്ഷ്മിക്ക് അഭിമുഖത്തില്‍ പറഞ്ഞു.

## Article Content

സ്വപ്‌നങ്ങളെ പിന്തുടരുന്ന ഒരാളല്ല താനെന്നും ഒന്നും നേരത്തെ പ്ലാന്‍ ചെയ്തിട്ടോ ഇങ്ങനെ ചെയ്താല്‍ അതിന് മറ്റൊരു ഗുണം ഉണ്ടാവുമെന്ന് മുന്‍കൂട്ടി ചിന്തിച്ചിട്ടോ തനിക്കൊന്നും ജീവിതത്തില്‍ ചെയ്യാന്‍ പറ്റിയിട്ടില്ലെന്നും നടി മഞ്ജു വാര്യര്‍. അതൊരു പക്ഷേ തന്റെ കുറവായിരിക്കാമെന്നും പക്ഷേ എവിടെയൊക്കെയോ തളര്‍ന്നു പോകാതെ ഏതൊക്കെയോ ശക്തികള്‍ തന്നെ കാത്തിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ ഗൃഹലക്ഷ്മിക്ക് അഭിമുഖത്തില്‍ പറഞ്ഞു.

ആളുകളുടെ സ്‌നേഹത്തില്‍ നിന്നാണ് ഞാന്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നത്. നമ്മളോട് ആളുകള്‍ വന്ന് സ്‌നേഹത്തില്‍ പെരുമാറുന്നതില്‍ നിന്ന്. ആ ഒരു പോസിറ്റിവിറ്റിയില്‍ നിന്നാണ് ഞാന്‍ എനിക്കുള്ള ശക്തി എടുക്കാറ്. മലയാളികള്‍ക്ക് എന്തുകൊണ്ടാണ് എന്നോട് സ്‌നേഹം എന്നറിയില്ല. എന്തിനാണ് ആ സ്‌നേഹം എന്നന്വേഷിച്ച്, അതിന്റെ കാരണം തിരഞ്ഞുപോകാന്‍ എനിക്ക് ധൈര്യമില്ല, മഞ്ജു വാര്യര്‍ പറഞ്ഞു.

ഉള്ളില്‍ വലിയ ആഹ്ലാദം അനുഭവിക്കുന്ന ഒരാളെപ്പോലെയുണ്ട് ഇപ്പോള്‍ മഞ്ജുവിനെ കാണാന്‍, അങ്ങനെയാണോ എന്ന ചോദ്യത്തിന് ആഹ്ലാദവും സമാധാനാവും തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. സന്തോഷം ഉണ്ട്. പക്ഷേ അത് ഇന്ന ഒരു പ്രത്യേക കാര്യം കൊണ്ടാണ് എന്ന് പറയാന്‍ ആവുമോ എന്നറിയില്ലെന്നും താരം പറഞ്ഞു.അത് ഏതെങ്കിലും ഒരു വസ്തുവിലോ എന്റെ ഏതെങ്കിലും ഒരു നേട്ടത്തിലോ അധിഷ്ഠിതമായി എനിക്ക് തോന്നിയിട്ടില്ല. ഇപ്പോള്‍ ഉള്ള ഒന്നും എന്റെ ജീവിതത്തില്‍ ഇല്ലെങ്കിലും ഞാന്‍ ഒരുപക്ഷേ സന്തോഷമായി തന്നെ ഇരിക്കുമായിരിക്കും. എന്റെ സന്തോഷം, അത് എന്റെ ഉള്ളിന്റെ ഉള്ളില്‍ തന്നെയുണ്ട്, മഞ്ജു വാര്യര്‍ പറഞ്ഞു.

ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് ഞാനെന്ന് ചിലര്‍ എന്റെയടുത്ത് തന്നെ പറഞ്ഞിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൊക്കെ ഞാന്‍ വായിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും ബോധപൂര്‍വം ചെയ്തതല്ല. അവരവരുടെ ഉള്ളിലുള്ള ശക്തി തന്നെയാണ് ഓരോരുത്തരേയും മോട്ടിവേറ്റ് ചെയ്യുന്നത്. അതിന് എന്റെ ഒരു ഫോട്ടോയോ എന്തെങ്കിലും ഒരു കാര്യമോ ഒക്കെ നിമിത്തമാവുന്നു എന്നേയുള്ളു. അവനവനെ മോട്ടിവേറ്റ് ചെയ്യാന്‍ അവനവന് മാത്രമേ പറ്റൂ. അതല്ലാതെ എന്നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു എന്നത് എന്നോടുള്ള സ്‌നേഹം കൊണ്ട് തോന്നുന്നതായിരിക്കും, മഞ്ജു വാര്യര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2374/some-forces-are-waiting-somewhere-without-getting-tired-manju-warrier)