---
title: "#krystledsouza | പച്ച കണ്ണുണ്ടെങ്കില്‍ അത് ചെയ്യാനാകില്ലത്രേ! കറുപ്പ് നിറത്തിന്റെ പേരിലും കളിയാക്കല്‍; തുറന്ന് പറഞ്ഞ്  കുറിച്ച് താരം "
english_title: "#You #can't #do #that #if #you #have #green #eyes #Teasing #for #being #black #actress  #spoke #openly #about #it"
publisher: "moviemax.in"
canonical_url: "https://moviemax.in/news/237234/you-cant-do-that-if-you-have-green-eyes-teasing-for-being-black-actress-spoke-openly-about-it"
published_at: "2024-09-22T12:55:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efc79e144ef_tv.jpg"
keywords: []
---

# #krystledsouza | പച്ച കണ്ണുണ്ടെങ്കില്‍ അത് ചെയ്യാനാകില്ലത്രേ! കറുപ്പ് നിറത്തിന്റെ പേരിലും കളിയാക്കല്‍; തുറന്ന് പറഞ്ഞ്  കുറിച്ച് താരം 

> **Lead Summary:** ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് ക്രിസ്റ്റര്‍ ഡിസൂസ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്തെ മുന്‍നിര നായികയായി തുടരുകയാണ് ക്രിസ്റ്റല്‍ ഡിസൂസ. എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ ബന്ധങ്ങളൊന്നുമില്ലാതെയാണ് ക്രിസ്റ്റല്‍ കടന്നു വരുന്നത്.

## Article Content

ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് ക്രിസ്റ്റര്‍ ഡിസൂസ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്തെ മുന്‍നിര നായികയായി തുടരുകയാണ് ക്രിസ്റ്റല്‍ ഡിസൂസ. എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ ബന്ധങ്ങളൊന്നുമില്ലാതെയാണ് ക്രിസ്റ്റല്‍ കടന്നു വരുന്നത്.

അതുകൊണ്ട് തന്നെ ധാരാളം വെല്ലുവിളികളും ക്രിസ്റ്റലിന് നേരിടേണ്ടി വന്നിരുന്നു. തന്റെ നിറത്തിന്റെ പേരിലുള്ള അവഹേളനങ്ങളും അധിക്ഷേപങ്ങളും വരെ താരത്തിന് തുടക്കകാലത്ത് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ തന്റെ തുടക്കകാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ക്രിസ്റ്റല്‍. 

നടിമാരുടെ നിറത്തിന്റെ കാര്യത്തില്‍ പലര്‍ക്കുമുള്ള മുന്‍ധാരണകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. സൗന്ദര്യം എന്നാല്‍ തൊലിവെളുപ്പാണെന്ന് കരുതിയിരിക്കുന്നവര്‍ എല്ലാക്കാലത്തും ഉണ്ടെന്നും താരം പറയുന്നു. വെളുക്കാനുള്ള ഉപദേശങ്ങള്‍ പലരില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഇപ്പോഴും അത്തരക്കാരുണ്ടെന്നും താരം പറയുന്നു. 

''പണ്ടൊക്കെ ആളുകള്‍ എനിക്ക് ഫ്രീയായി ഉപദേശം തരുമായിരുന്നു. ഇപ്പോഴും തരുന്നവരുണ്ട്. എന്നെ കറുത്തവളെന്ന് വിളിച്ചിട്ടുണ്ട്. ഒരിക്കല്‍ വെളുക്കാന്‍ പാലില്‍ കുളിച്ചാല്‍ മതിയെന്ന് ഒരാള്‍ ഉപദേശിച്ചത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. എനിക്ക് പാല്‍ അലര്‍ജിയാണ്. മാത്രവുമല്ല, എനിക്ക് വെളുക്കണ്ട. ഞാന്‍ ഇന്ത്യന്‍ ആണ്. വളരെ വളരെ ദേസിയാണ്. എന്റെ നിറം എനിക്കിഷ്്ടമാണ്. ഞാന്‍ എന്തിന് വെളുക്കണം?'' എന്നാണ് താരം പറയുന്നത്. 

തന്റെ നിറത്തിന്റെ പേരില്‍ മാത്രമല്ല, കണ്ണിന്റെ പേരിലും കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. ചെറിയ പച്ച നിറമുള്ള കണ്ണുകളാണ് ക്രിസ്റ്റലിന്. അതിനാല്‍ തനിക്ക് ലഭിച്ചിരുന്നതെല്ലാം വില്ലത്തി വേഷങ്ങളായിരുന്നു. ഇതോടെ താന്‍ കരിയറില്‍ പത്ത് വര്‍ഷക്കാലം ബ്രൗണ്‍ നിറമുള്ള കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിച്ചിരുന്നുവെന്നും താരം പറയുന്നു.

പച്ച കണ്ണുണ്ടെങ്കില്‍ പോസിറ്റീവ് കഥാപാത്രം ചെയ്യാനാകില്ലത്രേ. എന്തിനാണ് അതു വിശ്വസിച്ച് കോണ്‍ടാക്ട് ലെന്‍സ് വച്ചതെന്ന് എനിക്കറിയില്ല. അതും പത്ത് വര്‍ഷക്കാലം. ഇന്ന് ആരെങ്കിലും അതുപോലെ എന്നോട് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുകയോ അവരെ അനുസരിക്കുകയോ ചെയ്യില്ല. ആളുകളുടെ കണ്ണില്‍ നോക്കിയാല്‍ അവരുടെ സത്യസന്ധത കാണാം എന്ന് ഇപ്പോള്‍ എനിക്കറിയാം'' ക്രിസ്റ്റല്‍ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/237234/you-cant-do-that-if-you-have-green-eyes-teasing-for-being-black-actress-spoke-openly-about-it)