---
title: "#santhiviladinesh  | മേതിൽ ദേവികയ്ക്ക് വാക്ക് കൊടുക്ക്, ഇനിയെങ്കിലും പുതിയൊരു മനുഷ്യനായി ജീവിക്കൂ; മുകേഷിനോട് ശാന്തിവിള ദിനേശ്"
english_title: "#santhiviladinesh #advises #mukesh #better #person #mentions- #methildevika"
publisher: "moviemax.in"
canonical_url: "https://moviemax.in/news/235696/santhiviladinesh-advises-mukesh-better-person-mentions-methildevika"
published_at: "2024-09-15T10:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e669debd5bc_santhiviladinesh.jpg"
keywords: []
---

# #santhiviladinesh  | മേതിൽ ദേവികയ്ക്ക് വാക്ക് കൊടുക്ക്, ഇനിയെങ്കിലും പുതിയൊരു മനുഷ്യനായി ജീവിക്കൂ; മുകേഷിനോട് ശാന്തിവിള ദിനേശ്

> **Lead Summary:** ****ലൈം​ഗികാതിക്രമക്കേസിൽ അകപ്പെട്ട നടനും എംഎൽഎയുമായ മുകേഷിന് നേരെ വ്യാപക വിമർശനം വരുന്നുണ്ട്.

## Article Content

****ലൈം​ഗികാതിക്രമക്കേസിൽ അകപ്പെട്ട നടനും എംഎൽഎയുമായ മുകേഷിന് നേരെ വ്യാപക വിമർശനം വരുന്നുണ്ട്.

മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും രാജി വെക്കേണ്ടെന്ന തീരുമാനത്തിലാണ് സർക്കാർ.

കഴിഞ്ഞ ദിവസം നടന് ആശ്വാസമായി കേസിൽ മുൻകൂർ ജാമ്യവും ലഭിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

ഇതിനെ എതിർത്ത് ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിലേറെ ആരോപണങ്ങൾ മുകേഷിനെതിരെ വന്നിട്ടുണ്ട്.

നടന്റെ പ്രതിച്ഛായക്ക് ഇപ്പോഴത്തെ കേസും വിവാദങ്ങളും വലിയ കോട്ടമുണ്ടാക്കി. ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

സ്വന്തം പേര് മുകേഷ് ഇത്തരത്തിൽ നശിപ്പിക്കരുതായിരുന്നെന്ന് ശാന്തിവിള ദിനേശ് അഭിപ്രായപ്പെ‌ട്ടു. ഇപ്പോഴത്തെ വിവാദങ്ങളിലും മുകേഷിനെ പിന്തുണച്ച് സംസാരിച്ച മുൻ ഭാര്യ മേതിൽ ദേവികയെ സംവിധായകൻ പ്രശംസിക്കുകയും ചെയ്തു.

അവർ എരി തീയിൽ നിന്ന് വറു ചട്ടിയിൽ ചാടിയത് പോലെയായി. ആദ്യ ഭർത്താവിൽ പൊന്നുപോലൊരു മകനായ ശേഷം ഈ മുകേഷിനെ ഏത് കഷ്ട സമയത്ത് പരിചയപ്പെട്ടെന്ന് എനിക്കറിയില്ല.

ഭാര്യയെന്ന സ്ഥാനം ഒഴിഞ്ഞെങ്കിലും അദ്ദേഹം ഇടയ്ക്ക് കളരിയുടെ താഴെ വന്ന് താമസിക്കാറുണ്ടെന്ന് മേതിൽ ദേവിക പറയുന്നത് കേട്ടു.

ഇത് തനിക്ക് മനസിലാകുന്നില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. മുകേഷിനെതിരെ ഇപ്പോൾ വന്നിരിക്കുന്ന ആരോപണത്തിന്റെ സത്യാവസ്ഥ അറിയാമെന്നും മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മേതിൽ ദേവിക പറയുന്നുണ്ടെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

മുകേഷ് സ്വന്തം കരിയറിനെ പൂർണമായും നശിപ്പിച്ചെന്ന് ശാന്തിവിള ദിനേശ് വിമർശിച്ചു.

രണ്ട് ആൺകുട്ടികൾ വളർന്ന് വരുന്നെന്ന ബോധമുണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ മേതിൽ ദേവിക എന്ന പ്രശസ്തയായ നർത്തകിയെ രണ്ടാമത് വിവാഹം ചെയ്ത ആളെന്ന നിലയിൽ നിങ്ങൾ കുറച്ച് മാന്യനായി ജീവിക്കണമായിരുന്നു.

അത് നിങ്ങൾ ചെയ്തില്ല. പക്ഷെ എങ്കിലും ഞാൻ മുകേഷിനോട് പറയുകയാണ്. നിങ്ങൾ മേതിൽ ദേവികയോട് സംസാരിച്ച് ആ വിവാഹ മോചനക്കേസ് പിൻവലിച്ച് സത്യസന്ധനായ ഭർത്താവായി ഇനിയെങ്കിലും നിങ്ങൾ ജീവിക്കാൻ പഠിക്കൂ.

മനുഷ്യരാകുമ്പോൾ തെറ്റുകളും കുറ്റങ്ങളും പറ്റും. നിങ്ങളെന്തെങ്കിലും തെറ്റുകളും കുറ്റങ്ങളും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം കഴുകിക്കളഞ്ഞ് പുതിയൊരു മനുഷ്യനാകാൻ ശ്രമിക്ക്.

തെറ്റുകൾ തിരുത്തും, നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന് മേതിൽ ദേവികയോട് പറ. സത്യസന്ധനായി ജീവിക്കാമെന്ന് ദേവികയ്ക്ക് വാക്ക് കൊടുത്ത് ഒന്നിച്ച് ജീവിക്കെന്നും ശാന്തിവിള ദിനേശ് മുകേഷിനോടായി പറഞ്ഞു.

ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് മേതിൽ ദേവിക മുകേഷിനെ പിന്തുണച്ച് സംസാരിച്ചത്.

ഇപ്പോൾ വന്ന പരാതിയുടെ സത്യാവസ്ഥ തനിക്കറിയാം. അതിന് പിന്നിലെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടണമെന്നും മേതിൽ ദേവിക പറഞ്ഞു. തനിക്കൊരുപാട് കാര്യങ്ങൾ പറയാനുണ്ടെങ്കിലും ഇപ്പോൾ പറയുന്നില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി.

മുകേഷുമായി സൗഹൃദത്തിലാണെന്നും ശത്രുതയില്ലെന്നും മേതിൽ ​ദേവിക പറഞ്ഞു. 2013 ലാണ് ഇരുവരും വേർപിരിഞ്ഞത്. 2021 ൽ ഇവർ പിരിയാൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/235696/santhiviladinesh-advises-mukesh-better-person-mentions-methildevika)