---
title: "കുഞ്ഞു മാലാഖയെ സ്വീകരിക്കാന്‍ കോടികള്‍ മുടക്കി വീട് നവീകരിച്ച്‌ താര ദമ്പതികള്‍ "
english_title: "celebrity couple renovated their house at a cost of crores to receive the baby angel"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23057/celebrity-couple-renovated-their-house-at-a-cost-of-crores-to-receive-the-baby-angel"
published_at: "2022-01-28T11:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3819e07647_priyanka.jpg"
keywords: []
---

# കുഞ്ഞു മാലാഖയെ സ്വീകരിക്കാന്‍ കോടികള്‍ മുടക്കി വീട് നവീകരിച്ച്‌ താര ദമ്പതികള്‍ 

> **Lead Summary:** **വാ**ടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരം താരദമ്പതികളായ പ്രിയങ്കാ ചോപ്രയും നിക് ജോനാസും കഴിഞ്ഞ ദിവസം പുറത്തു വിട്ടത് ഒട്ടൊരു അമ്പരപ്പോടെയാണ് ആരാധകര്‍ കേട്ടത്. തുടര്‍ന്ന് പ്രിയങ്കയുടെ ബന്ധു അവര്‍ക്കുണ്ടായത് ഒരു പെണ്‍കുഞ്ഞാണ്‌ എന്ന് സ്ഥിരീകരിച്ചിരുന്നു.

## Article Content

**വാ**ടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരം താരദമ്പതികളായ പ്രിയങ്കാ ചോപ്രയും നിക് ജോനാസും കഴിഞ്ഞ ദിവസം പുറത്തു വിട്ടത് ഒട്ടൊരു അമ്പരപ്പോടെയാണ് ആരാധകര്‍ കേട്ടത്. തുടര്‍ന്ന് പ്രിയങ്കയുടെ ബന്ധു അവര്‍ക്കുണ്ടായത് ഒരു പെണ്‍കുഞ്ഞാണ്‌ എന്ന് സ്ഥിരീകരിച്ചിരുന്നു.

സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ വിമര്‍ശനങ്ങളും ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ കുഞ്ഞുമകള്‍ക്കായുള്ള കാത്തിരിപ്പിനിടയില്‍ ഇരുവരും ചേര്‍ന്ന് ലൊസാഞ്ചലസിലെ എന്‍സിനോയിലുള്ള വീട് കുഞ്ഞിനൊപ്പം താമസിക്കാനാവുന്ന സൗകര്യങ്ങളോടെ നവീകരിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം.

മാസങ്ങള്‍ നീണ്ട നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇരുവരും വീട്ടില്‍ നടത്തിയത്. ഒരു കുടുംബം എന്ന നിലയില്‍ താമസിക്കാന്‍ വേണ്ട ക്രമീകരണങ്ങളാണ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത് വിശാലമായ പൂളും പല തട്ടുകളായി നിര്‍മ്മിച്ചിരിക്കുന്ന പൂന്തോട്ടവും കുഞ്ഞുങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലുള്ളതാക്കി ക്രമീകരിച്ചിട്ടുണ്ട്.

20,000 ചതുരശ്രഅടിയിലാണ് സ്ഥിതി ചെയ്യുന്ന വമ്പന്‍ വീടിന്റെ മുകള്‍നിലയില്‍ മാത്രം ഏഴ് കിടപ്പുമുറികളുണ്ട്. വീടിന്റെ പലഭാഗങ്ങളിലായി 11 ബാത്ത്റൂമുകളും നിര്‍മ്മിച്ചിരിക്കുന്നു. തടികൊണ്ട് പാനലിങ് നല്‍കിയിരിക്കുന്ന സീലിങ്ങോടു കൂടിയ പ്രധാന സ്വീകരണമുറിയും അതിലെ പ്രകാശ സംവിധാനങ്ങളും ഹൃദ്യമാണ്.

മാര്‍ബിളില്‍ നിര്‍മിച്ച വിശാലമായ ഫയര്‍ പ്ലേസാണ് ലിവിങ് റൂമിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ഇതിനുപുറമെ ജിംനേഷ്യം, വെറ്റ് ബാര്‍, ഇന്‍ഡോര്‍ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് എന്നിവയും കുഞ്ഞുമൊത്തുള്ള വിശ്രമവേളകള്‍ ആസ്വാദ്യകരമാക്കാനാവുന്ന തരത്തില്‍ വിശാലമായ സ്ക്രീനിങ്ങ് റൂമും ഒരുക്കിയിരിക്കുന്നു.

ഒരു കുഞ്ഞ് ജീവിതത്തില്‍ ഉണ്ടാവണമെന്ന ആഗ്രഹം പ്രിയങ്കയും നിക്കും പലപ്പോഴായി പ്രകടിപ്പിച്ചിരുന്നെങ്കിലും വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം വെളിപ്പെടുത്തിയിരുന്നില്ല.

ഒരു കുഞ്ഞ് ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ ജോലി സംബന്ധമായ തിരക്കുകള്‍ അല്പം കുറച്ചു വയ്ക്കാനാണ് തീരുമാനമെന്ന് പ്രിയങ്ക മുന്‍പുതന്നെ പറഞ്ഞിരുന്നു. കുഞ്ഞിന്റെ ജനനത്തോടെ മുഴുവന്‍ സമയവും മകള്‍ക്കായി നീക്കിവയ്ക്കാന്‍ ആഗ്രഹിക്കുന്ന പ്രിയങ്ക ചില സിനിമകളില്‍ നിന്നും പിന്‍മാറിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/23057/celebrity-couple-renovated-their-house-at-a-cost-of-crores-to-receive-the-baby-angel)