---
title: "#krishnakumar |  'നീ കതകിലൊന്നും മുട്ടിയേക്കല്ലേ...'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൃഷ്ണ കുമാര്‍"
english_title: "'#Can't #you #knock #on #any #door #KrishnaKumar #ridicules #Hema #committee #report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/230427/cant-you-knock-on-any-door-krishnakumar-ridicules-hema-committee-report"
published_at: "2024-08-23T09:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c80888f325c_krishnakumar.jpg"
keywords: []
---

# #krishnakumar |  'നീ കതകിലൊന്നും മുട്ടിയേക്കല്ലേ...'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൃഷ്ണ കുമാര്‍

> **Lead Summary:** ** **മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍.

## Article Content

** **മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍.

ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ വന്ന വ്ലോ​ഗിലാണ് കൃഷ്ണ കുമാര്‍ റിപ്പോര്‍ട്ടിനെ കളിയാക്കികൊണ്ട് സംസാരിക്കുന്നത്. 'നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ.

ഞാനവിടെ ഇരിക്കുമ്പോള്‍ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,' എന്നാണ് വീട്ടിലെ ചില കാര്യങ്ങളെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ കൃഷ്ണകുമാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നത്.

സിന്ധു കൃഷ്ണകുമാറും സമാനമായി പ്രതികരണമാണ് വീഡിയോയില്‍ നടത്തുന്നത്. ഓഗസ്റ്റ് 19ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പൊട്ടിപുറപ്പെട്ട സ്ത്രീ വിരുദ്ധ-പരിഹാസ ട്രോളുകളുടെ അതേ രൂപത്തിലാണ് കൃഷ്ണകുമാറിന്റെയും കമൻ്റെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

റിപ്പോര്‍ട്ടിന്റെ ഗൗരവസ്വഭാവത്തെ തീര്‍ത്തും അവഗണിച്ചു കൊണ്ടാണ് അദ്ദേഹത്തിൻ്റെ സംസാരമെന്നും അഭിപ്രായങ്ങളുണ്ട്. വീഡിയോയിലെ ഈ ഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മകളുടെ വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ സ്വയം ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇതേ വീഡിയോയില്‍ കൃഷ്ണകുമാര്‍ സംസാരിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിരവധി സ്ത്രീ നേതാക്കളുണ്ടെന്നും അടുത്ത നൂറ്റാണ്ട് സ്ത്രീകളുടേതാകുമെന്നെല്ലാം പറഞ്ഞതിന് പിന്നാലെയാണ് കൃഷ്ണകുമാർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിക്കുന്ന നിലയിൽ സംസാരിച്ചിരിക്കുന്നത്.

പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ഇരട്ടതാപ്പിന്റെ മികച്ച ഉദാഹരണമാണ് ഇതെന്ന നിലയിലുള്ള കമൻ്റുകളും വീഡിയോയ്ക്ക് താഴെ ചിലർ കുറിച്ചിട്ടുണ്ട്.

കൃഷ്ണകുമാറിൻ്റെ രാഷ്ട്രീയ നിലപാടിനെ ചൂണ്ടിക്കാണിച്ച് രൂക്ഷമായ പരാമർശങ്ങളും കമൻ്റുകളായി വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/230427/cant-you-knock-on-any-door-krishnakumar-ridicules-hema-committee-report)