---
title: "#honeyrose |  എന്റെ പേര് പറഞ്ഞതിനൊപ്പം റേപ്പ് എന്ന വാക്കും പറഞ്ഞു! ഞാനറിയാതെ റേപ്പ് സീന്‍ ഉണ്ടെന്ന് കരുതി  -ഹണി റോസ്"
english_title: "#honeyrose #opens #up #about #her #telugu #movie #experience #language #issues #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229192/honeyrose-opens-up-about-her-telugu-movie-experience-language-issues-goes-viral"
published_at: "2024-08-18T13:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1aa2967c02_honey.jpg"
keywords: []
---

# #honeyrose |  എന്റെ പേര് പറഞ്ഞതിനൊപ്പം റേപ്പ് എന്ന വാക്കും പറഞ്ഞു! ഞാനറിയാതെ റേപ്പ് സീന്‍ ഉണ്ടെന്ന് കരുതി  -ഹണി റോസ്

> **Lead Summary:** **സോ**ഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് ഹണി റോസ്. ഉദ്ഘാടനം സ്റ്റാര്‍ എന്നൊക്കെ പലരും നടിയെ കളിയാക്കി വിളിക്കാറുണ്ട്. ഇത്തരം പരിഹാസങ്ങളൊന്നും താന്‍ ശ്രദ്ധിക്കാറ് പോലുമില്ലെന്നാണ് ഹണിയിപ്പോള്‍ പറയുന്നത്. വളരെ മോശമായിട്ടുള്ള കമന്റുകളൊക്കെ ദിവസവും വരാറുണ്ട്. 

## Article Content

**സോ**ഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് ഹണി റോസ്. ഉദ്ഘാടനം സ്റ്റാര്‍ എന്നൊക്കെ പലരും നടിയെ കളിയാക്കി വിളിക്കാറുണ്ട്. ഇത്തരം പരിഹാസങ്ങളൊന്നും താന്‍ ശ്രദ്ധിക്കാറ് പോലുമില്ലെന്നാണ് ഹണിയിപ്പോള്‍ പറയുന്നത്. വളരെ മോശമായിട്ടുള്ള കമന്റുകളൊക്കെ ദിവസവും വരാറുണ്ട്. 

അതൊന്നും കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. ഇതിന് പുറമേ രസകരമായ പല അനുഭവങ്ങളും ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടാവാറുണ്ട്. മാത്രമല്ല തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഉണ്ടായൊരു അനുഭവത്തെ കുറിച്ചും ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഹണി പറഞ്ഞിരിക്കുകയാണ്. 

തെലുങ്ക് സിനിമയില്‍ അഭിനയിച്ചിരുന്നു. അത് വലിയ രീതിയില്‍ അവിടെ ഓടി. പിന്നെ തെലുങ്ക് ഭാഷ അറിഞ്ഞിട്ടല്ല അഭിനയിച്ചത്. ഇവിടെ സീരിയസായി പറയുന്ന ചില വാക്കുകള്‍ അവിടെ വലിയ കോമഡിയായിരിക്കും. നേരെ തിരിച്ച് ഇവിടെ സാധാരണ ഉപയോഗിക്കുന്നത് അവിടെ ചീത്തയൊക്കെ ആയിരിക്കാം. അതില്‍ പ്രധാനമായി റേപ്പു എന്ന വാക്കാണ്. 

സിനിമയുടെ സെറ്റില്‍ പേരടക്കം പറഞ്ഞ് കൊണ്ടാണ് റേപ്പു എന്ന വാക്ക് ഉപയോഗിക്കുന്നത്. ഇത് കേട്ട് ശരിക്കും പേടിച്ചിട്ടുണ്ട്. ഇനി നമ്മളറിയാതെ അവര്‍ വല്ലോ റേപ്പ് സീനും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നൊക്കെ വിചാരിച്ചു. സത്യത്തില്‍ നാളെ എന്നാണ് ആ വാക്കിന്റെ തെലുങ്കിലെ അര്‍ഥം.ആ ഭാഷ വളരെ രസകരമാണെന്നും ഹണി കൂട്ടിച്ചേര്‍ക്കുന്നു. 

തന്റെ ഉദ്ഘാടനങ്ങളെ കുറിച്ചും ഹണി സംസാരിച്ചിരുന്നു. 'ഓരോ ഉദ്ഘാടനത്തിന് പോയി തിരികെ വരുമ്പോഴും പറഞ്ഞ് ചിരിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവും. കാറില്‍ കയറി ഞാന്‍ പറഞ്ഞ് ചിരിക്കുകയാണ് പതിവ്. പിന്നെയൊരു അനുഭവം ഉദ്ഘാടന സമയത്ത് എന്നെ പേടിപ്പിക്കുകയും ശേഷം ചിരിക്കേണ്ടതായി വന്നൊരു സംഭവം ഉണ്ടെന്നും നടി പറയുന്നു. 

കുറച്ച് കാലം മുന്‍പ് കോട്ടയത്ത് ഒരു ഉദ്ഘാടനത്തിന് പോയതായിരുന്നു ഞാന്‍. അവര്‍ തന്നെ ഒരു പയ്യനെ ഞങ്ങളെ കൂട്ടികൊണ്ട് വരാന്‍ കൊച്ചിയിലേക്ക് വിട്ടു. എന്നെയാണ് കൊണ്ട് വരേണ്ടതെന്ന് ഒന്നും പറയാതെയാണ് അയാളെ വിട്ടതെന്ന് തോന്നു. എന്നെ കണ്ടതും പുള്ളി വളരെ എക്‌സൈറ്റഡായി. സന്തോഷം കൊണ്ട് ഞങ്ങളെ നോക്കി കൊണ്ട് സംസാരിച്ചുമൊക്കെയാണ് വണ്ടി ഓടിക്കുന്നത്.

അവനെ കണ്ടപ്പോള്‍ വാഹനം നന്നായി ഓടിച്ച് ശീലമുള്ള ഒരാളായി തോന്നിയില്ല. സൂക്ഷിച്ച് പോകൂ, നേരെ നോക്കി ഓടിക്കൂ, എന്നൊക്കെ പറഞ്ഞോണ്ട് പേടിച്ചാണ് ഞങ്ങള്‍ വണ്ടിയിലിരുന്നത്. എന്തായാലും കുഴപ്പമൊന്നുമില്ലാതെ കോട്ടയം എത്തി. റൂമില്‍ ചെന്ന് വസ്ത്രമൊക്കെ മാറിയതിന് ശേഷമാണ് ഉദ്ഘാടന സ്ഥലത്തേക്ക് പോവുന്നത്.

ഒരുങ്ങി കാത്തിരുന്നാലും ചിലര്‍ വിളിക്കില്ല. പെട്ടെന്നാണ് വേഗം വരണമെന്ന് പറഞ്ഞ് വിളിക്കുക. അങ്ങനെ വിളിച്ചതോടെ ഇവനും ടെന്‍ഷനായി. പിന്നെ വണ്ടി അവിടെയും ഇവിടെയുമൊക്കെ തട്ടിച്ചാണ് പോകുന്നത്. ആളുകളൊക്കെ ചീത്ത പറയുന്നുണ്ട്. അവസാനം പുള്ളി ഒരു ഓട്ടോയില്‍ കൊണ്ട് പോയി ഇടിച്ചു. 

ഭാഗ്യത്തിന് ഞങ്ങള്‍ക്കൊന്നും പറ്റിയില്ല. പക്ഷേ ഓട്ടോറിക്ഷ മറിഞ്ഞു. ഇതോടെ ആളുകളൊക്കെ കൂടി. അദ്ദേഹത്തെ അടിക്കാനൊക്കെ നോക്കി. അച്ഛന്‍ പുറത്തിറങ്ങി കാര്യം പറഞ്ഞു. എന്തായാലും ആളുകള്‍ പുള്ളിയെ കൊണ്ട് പോവുകയെന്തോ ചെയ്തു. നമുക്ക് വേറൊരു വണ്ടി വന്നുവെന്നും നടി പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/229192/honeyrose-opens-up-about-her-telugu-movie-experience-language-issues-goes-viral)