---
title: " #drrobinradhakrishnan | 'കോളജിൽ ഫ്രീക്കനായിരുന്നല്ലേ, ഡാൻസറൊക്കെയായിട്ടാണോ ഒരു കഴിവുമില്ലെന്ന് പറയുന്നത്'; വൈറലായി റോബിന്റെ പഴയ ഫോട്ടോ! "
english_title: "#biggboss #fame #drrobinradhakrishnan #shared #his #16 #years #old #photos #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/227929/biggboss-fame-drrobinradhakrishnan-shared-his-16-years-old-photos-goes-viral"
published_at: "2024-08-13T14:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb1d070d94e_dr.jpg"
keywords: []
---

#  #drrobinradhakrishnan | 'കോളജിൽ ഫ്രീക്കനായിരുന്നല്ലേ, ഡാൻസറൊക്കെയായിട്ടാണോ ഒരു കഴിവുമില്ലെന്ന് പറയുന്നത്'; വൈറലായി റോബിന്റെ പഴയ ഫോട്ടോ! 

> **Lead Summary:** ****വളരെ പെട്ടന്ന് പ്രേക്ഷകന്റെ അസ്ഥിക്ക് പിടിക്കുന്ന റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്.

## Article Content

****വളരെ പെട്ടന്ന് പ്രേക്ഷകന്റെ അസ്ഥിക്ക് പിടിക്കുന്ന റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്.

തമിഴ് അടക്കമുള്ള ഭാഷകളിൽ ബി​ഗ് ബോസ് സീസണുകൾ വൻ വിജയമായതോടെയാണ് മലയാളത്തിലും 2018 മുതൽ ഷോ ആരംഭിച്ചത്.

ഇതുവരെയായി ആറ് സീസണുകൾ വിജയകരമായി പൂർത്തിയായി കഴിഞ്ഞു. ബി​ഗ് ബോസ് സീസൺ ആരംഭിച്ചാൽ പിന്നെ അത് അവസാനിക്കും വരെ ഒരു ആഘോഷം പോലെയാണ് മലയാളികൾ ഷോയെ കൊണ്ടുപോകുന്നത്. 

സോഷ്യൽമീഡിയ തുറന്നാലും കൂട്ടം ചേർന്നുള്ള ചർ‌ച്ചകളിൽ പോലും ബി​ഗ് ബോസും അതിലെ മത്സരാർത്ഥികളുമാകും ചർച്ചാ വിഷയം. അത്തരത്തിൽ സീസൺ നാലിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ആരാധകരെ സമ്പാദിച്ചതുമായ മത്സരാർത്ഥിയാണ് ‍ഡോക്ടർ കൂടിയായ റോബിൻ രാധാകൃഷ്ണൻ.

ബി​ഗ് ബോസിലേക്ക് വരും മുമ്പ് മോട്ടിവേഷൻ ക്ലാസുകളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും മ്യൂസിക്ക് ആൽബങ്ങളിലൂടെയും യൂത്തിനൊക്കെ റോബിന്റെ മുഖം പരിചിതമായിരുന്നു.

സീസൺ ഫോറിൽ മാത്രമല്ല ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ റോബിനോളം ആരാധകരെ സമ്പാദിച്ച മത്സരാർത്ഥിയുണ്ടാകില്ല. 

നാലാം സീസൺ പൂർത്തിയായിട്ട് രണ്ട് വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും റോബിനോടുള്ള പ്രേക്ഷകരുടെ ആരാധനയ്ക്ക് കുറവ് വന്നിട്ടില്ല.

ബി​ഗ് സ്ക്രീനിൽ മുഖം കാണിക്കുക, തന്റെ സ്വപ്നങ്ങൾ നേടിയെടുക്കുക എന്ന ചിന്തയാണ് റോബിനെ ബി​ഗ് ബോസിൽ എത്തിച്ചത്. എന്നാൽ എഴുപത് ദിവസം പിന്നിട്ടപ്പോൾ സഹമത്സാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ ഫിനാലെ കാണാതെ റോബിൻ പുറത്തായി.

ബി​ഗ് ബോസിനുശേഷം റോബിന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു.ജീവിത പങ്കാളിയായി ആരതി പൊടിയെ റോബിന് ലഭിച്ചത് ബി​ഗ് ബോസുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിൽ പങ്കെടുക്കവെയാണ്.

ആരതിയുടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ അടക്കം സഹായിക്കുന്നതിൽ പ്രധാനി റോബിനാണ്. അതിന് പുറമെ ഉദ്ഘാടനങ്ങൾ, പ്രമോഷൻ, യാത്രകൾ എന്നിവയുമെല്ലാമുണ്ട് റോബിന്.

ഒരു വർഷം മുമ്പായിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹനിശ്ചയം നടന്നത്. ഈ വർഷം ഇരുവരും വിവാഹിതരായേക്കും.

സോഷ്യൽമീഡിയയിൽ വളരെ സജീവമായ റോബിൻ പങ്കിട്ട പുതിയ പോസ്റ്റാണ് ചർച്ചയാകുന്നത്. കോളജ് പഠനകാലത്തെ കുറച്ച് ഓർമ ചിത്രങ്ങളാണ് റോബിൻ പങ്കുവെച്ചിരിക്കുന്നത്.

2008ൽ കോളജ് ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ പകർത്തിയവയാണ് ഏറേയും. നൊസ്റ്റാൾ‌ജിയ എന്ന് തലക്കെട്ട് നൽകിയാണ് റോബിൻ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. 

ക്ലീൻ ഷേവും ഫിറ്റ് ബോഡിയും എല്ലാമായി ഹിന്ദി നടന്റെ ലുക്കിലാണ് റോബിൻ വർഷങ്ങൾക്ക് മുമ്പ് പകർത്തിയ ചിത്രത്തിലുള്ളത്. പതിനാറ് വർഷം പഴക്കമുള്ള ചിത്രം കണ്ട് ആരാധകരും അമ്പരന്നു.

കോളജിൽ പഠിക്കുമ്പോഴുള്ള റോബിനെ കാണുമ്പോൾ വിരാട് കോഹ്ലിയുടെ പഴയ രൂപം ഓർമ വരുന്നുവെന്ന് തുടങ്ങി നിരവധി കമന്റുകൾ ആരാധകർ കുറിച്ചു. കോളജിൽ ഒരു ഫ്രീക്കനായിരുന്നല്ലേ..., ഡാൻസറൊക്കെയായിട്ടാണോ ഒരു കഴിവുമില്ലെന്ന് പറഞ്ഞ് നടക്കുന്നത്, ഓൾഡ് റോബിന്റെ ലുക്കും ഡ്രെസ്സിങ് സ്റ്റൈലും കിടിലൻ ഒരു രക്ഷയുമില്ല, ഡോക്ടറുടെ ഡ്രെസ്സിങ് പണ്ട് നല്ലതായിരുന്നു.

ഇപ്പോൾ വളരെ ബോറാണ്, സ്ലീവ് ലെസ് ബെനിയനിൽ ഡോക്ടർ ഹോട്ടാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ചുള്ളൻ...ഫ്രീക്കനെന്നാണ് ആരതി പൊടി കമന്റ് ചെയ്തത്.

ഇപ്പോൾ നൂറ് ദിവസത്തെ ഒരു വെയിറ്റ് ലോസ് ജേർണിയിലാണ് റോബിൻ. അതുമായി ബന്ധപ്പെട്ട് ഒരോ ദിവസവും എത്ര ശരീര ഭാരം കുറഞ്ഞുവെന്നത് റോബിൻ സോഷ്യൽമീഡിയ വഴി അപ്ഡേറ്റ് ചെയ്യാറുണ്ട്.

തിരുവനന്തപുരംകാരനായ റോബിൻ ബി​ഗ് ബോസിനുശേഷം കൊച്ചിയിൽ ഫ്ലാറ്റെടുത്ത് സെറ്റിൽഡായിരുന്നു. എന്നാൽ അടുത്തിടെ കൊച്ചി ഉപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് തന്നെ തിരികെ പോയി.

റോബിൻ സോഷ്യൽമീഡിയയിൽ സജീവമല്ലാത്തപ്പോൾ ആരതി വഴിയാണ് ആരാധകർ പ്രിയ താരത്തിന്റെ വിശേഷങ്ങൾ അറിയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/227929/biggboss-fame-drrobinradhakrishnan-shared-his-16-years-old-photos-goes-viral)