---
title: "#wayanadandslide | വയനാടിനായുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ, സംഭാവനയുമായി നടി സംയുക്ത"
english_title: "#wayanad #landslide #actress #samyuktha #donation #vishwashanthi #foundation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/225376/wayanad-landslide-actress-samyuktha-donation-vishwashanthi-foundation"
published_at: "2024-08-03T21:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae50a3eafd0_samyuktha.jpg"
keywords: []
---

# #wayanadandslide | വയനാടിനായുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ, സംഭാവനയുമായി നടി സംയുക്ത

> **Lead Summary:** **ഉരു**ൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് സഹായവുമായി നടി സംയുക്ത. മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനിലേയ്ക്കാണ് നടി സംഭാവന നൽകിയത്. മൂന്ന് ലക്ഷം രൂപ നടി സംഭാവനയായി നൽകി. ‌

## Article Content

**ഉരു**ൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് സഹായവുമായി നടി സംയുക്ത. മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനിലേയ്ക്കാണ് നടി സംഭാവന നൽകിയത്. മൂന്ന് ലക്ഷം രൂപ നടി സംഭാവനയായി നൽകി. ‌

വയനാട്ടിലെ ജനങ്ങളുടെ ജീവിതം തകർത്ത ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നതിൽ തനിക്ക് വളരെയധികം വേദനയുണ്ടെന്ന് നടി പറഞ്ഞു. അവർക്കുള്ള പിന്തുണയുടെ ആദ്യപടിയായി വയനാട്ടിൽ വിശ്വശാന്തി ഫൗണ്ടേഷൻ ചെയ്യുന്ന മഹത്തായ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നുവെന്നും നടി കുറിച്ചു. ഈ ഉദ്യമത്തിൽ പങ്കുചേരാൻ എല്ലാവരോടും നടി അഭ്യർഥിക്കുകയും ചെയ്തു.

വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നൽകുമെന്ന് നടന്‍ മോഹന്‍ലാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നല്‍കുന്നത്. ഉരുള്‍പ്പൊട്ടലില്‍ നശിച്ച മുണ്ടക്കൈ എൽ.പി സ്‌കൂള്‍ പുതുക്കി പണിയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും സഹായവുമായി എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഇവർ സഹായങ്ങൾ നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/225376/wayanad-landslide-actress-samyuktha-donation-vishwashanthi-foundation)