---
title: "#cinemapiracy | റിലീസായി മിനിറ്റുകൾക്കുള്ളിൽ വ്യാജനെത്തും; വാട്സാപ്പ് ചാനലിലെ പൂട്ടുവീഴാത്ത ‘സിനിമാക്കള്ളൻ’"
english_title: "#cinema #piracy #through #whatsapp"
publisher: "moviemax.in"
canonical_url: "https://moviemax.in/news/223650/cinema-piracy-through-whatsapp"
published_at: "2024-07-29T10:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a71f8aa0e4d_cinema.jpg"
keywords: []
---

# #cinemapiracy | റിലീസായി മിനിറ്റുകൾക്കുള്ളിൽ വ്യാജനെത്തും; വാട്സാപ്പ് ചാനലിലെ പൂട്ടുവീഴാത്ത ‘സിനിമാക്കള്ളൻ’

> **Lead Summary:** ഒ.ടി.ടി.യിലെത്തുന്ന സിനിമകളുടെ വ്യാജ പതിപ്പുകൾ വാട്സാപ്പ് ചാനലിലൂടെ പ്രചരിപ്പിക്കുന്നത് തടയാനാകുന്നില്ല. സിനിമകളുടെ വ്യാജ പതിപ്പുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾവഴി പ്രചരിക്കുന്നത് പുതിയ കാര്യമല്ല. ഒ.ടി.ടി.യിൽ ഒരു ചിത്രം വന്നാൽ മിനിറ്റുകൾക്കകം അതിന്റെ പകർപ്പുകൾ വാട്സാപ്പ്, ടെലഗ്രാം, പൈറേറ്റഡ് സൈറ്റുകൾ, വ്യാജസിനിമാ ആപ്പുകൾ എന്നിവയിലൂടെ പ്രചരിക്കും.

## Article Content

ഒ.ടി.ടി.യിലെത്തുന്ന സിനിമകളുടെ വ്യാജ പതിപ്പുകൾ വാട്സാപ്പ് ചാനലിലൂടെ പ്രചരിപ്പിക്കുന്നത് തടയാനാകുന്നില്ല. സിനിമകളുടെ വ്യാജ പതിപ്പുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾവഴി പ്രചരിക്കുന്നത് പുതിയ കാര്യമല്ല. ഒ.ടി.ടി.യിൽ ഒരു ചിത്രം വന്നാൽ മിനിറ്റുകൾക്കകം അതിന്റെ പകർപ്പുകൾ വാട്സാപ്പ്, ടെലഗ്രാം, പൈറേറ്റഡ് സൈറ്റുകൾ, വ്യാജസിനിമാ ആപ്പുകൾ എന്നിവയിലൂടെ പ്രചരിക്കും.

ഒ.ടി.ടി.കമ്പനികളുടെ പരാതികളെത്തുടർന്ന് പലപ്പോഴും ഇങ്ങനെയുള്ള ചാനലുകൾ ഇടയ്ക്കിടെ പൂട്ടിക്കാറുണ്ടെങ്കിലും ദിവസങ്ങൾക്കകം മറ്റൊരുപേരിൽ തിരികെയെത്തും. എന്നാൽ, പത്തുമാസമായി ഒരുതരത്തിലുള്ള നടപടികളുമേൽക്കാതെ യഥേഷ്ടം സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുകയാണ് ‘മാറ്റിനി നൗ’ എന്ന പേരിൽ പ്രവർത്തിക്കുന്ന വാട്സാപ്പ് ചാനൽ.

വാട്സാപ്പ് ചാനലെന്ന ഫീച്ചർ ആരംഭിച്ച സമയത്തുതന്നെ തുടങ്ങിയതാണ് ഈ ചാനലും. ചാനലിൽ പുതിയ ഓരോ സിനിമയുടെയും വിവിധ ക്ലാരിറ്റിയിലുള്ള ഫയൽലിങ്കുകളാണ് അപ്‌ലോഡുചെയ്യുന്നത്. ഈ ലിങ്കിൽ ക്ലിക്കുചെയ്താൽ ബ്രൗസർ ഓപ്പണായി ഫയൽ ഡൗൺലോഡാകുകയാണ്.

വാട്സാപ്പ് ഉപയോഗിക്കാൻ അറിയാവുന്ന ആർക്കും എളുപ്പത്തിൽ ഡൗൺലോഡുചെയ്യാവുന്ന രീതി. ഗൂഗിൾ ഡ്രൈവിലോ, മറ്റേതെങ്കിലും ഡ്രൈവുകളിലോ അപ്‌ലോഡ് ചെയ്തിട്ടുള്ള സിനിമാ ഫയലുകളുടെ ലിങ്കാണിവിടെ വരുന്നത്.

നിലവിൽ 1800-ൽപ്പരം ആളുകൾ ചാനൽ ഫോളോ ചെയ്യുന്നുണ്ട്. ദിവസവും ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നുണ്ട്. എന്നാൽ, ചാനൽ ഓപ്പണായതിനാൽ ഫോളോ ചെയ്യാതെതന്നെ ആർക്കുവേണമെങ്കിലും ഇതിൽകയറി ലിങ്ക് ക്ലിക്കുചെയ്ത് സിനിമ ഡൗൺലോഡ് ചെയ്യാം. ‘മാറ്റിനി നൗ’ എന്ന പേരിൽ യൂട്യൂബ് ചാനലുണ്ട്.

തങ്ങളുടെ പേര് ദുരുപയോഗം ചെയ്തതിന് അവർ മുമ്പ് പരാതി നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ടെലഗ്രാം ആപ്ലിക്കേഷനിലെ ഒട്ടേറെ സിനിമ ഡൗൺലോഡിങ് ചാനലുകൾ ഇപ്പോൾ ഈ വാട്സാപ്പ് ചാനലിന്റെ ലിങ്കാണ് സിനിമ ഡൗൺലോഡുചെയ്യാൻ അറ്റാച്ച് ചെയ്തുകൊടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/223650/cinema-piracy-through-whatsapp)